യുപി വാരിയേഴ്സിനെതിരെ മത്സരം അവസാന ഓവറിലേക്ക് എത്തുമ്പോള്‍ കളി ആര്‍സിബിയുടെ വരുതിയിലായിരുന്നു. അവസാന ഓവറിൽ ജയിക്കുവാന്‍ യുപി നേടേണ്ടത് 18 റൺസായിരുന്നു കൈവശം 1 വിക്കറ്റും. എന്നാൽ സോഫി എക്ലെസ്റ്റോൺ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ലക്ഷ്യം 2 പന്തിൽ രണ്ട് റൺസായി. എന്നാൽ അവസാന പന്തിൽ സോഫി റണ്ണൗട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തി.
വനിത പ്രീമിയര്‍ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 180/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 56 പന്തിൽ 90 റൺസ് നേടിയ എലീസ് പെറിയും 57 റൺസ് നേടിയ വയട്ട് ഹോഡ്ജും മാത്രമാണ് ടീം നിരയിൽ റൺസ് കണ്ടെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുപി അവസാന ഓവറിൽ സോഫി എക്ലെസ്റ്റോണിന്റെ ബാറ്റിംഗ് മികവിൽ വിജയത്തിനടുത്തെത്തിയെങ്കിലും അവസാന പന്തിലെ വിക്കറ്റ് നേട്ടം മത്സരം സൂപ്പര്‍ ഓവറിലേക്ക് നയിച്ചു.
യുപിയ്ക്കായി കിരൺ നാവ്ഗിരേ (12 പന്തിൽ 24), ദീപ്തി ശര്‍മ്മ (13 പന്തിൽ 25) എന്നിവരും വൃന്ദ ദിനേശും (10 പന്തിൽ 14 റൺസ്) വേഗത്തിൽ സ്കോറിംഗ് നടത്തിയെങ്കിലും ആര്‍ക്കും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോകാനാകാതെ പോയത് ടീമിന് തിരിച്ചടിയായി.
25 പന്തിൽ 31 റൺസ് നേടിയ ശ്വേത ഷെഹ്രാവത്തിനെ എലീസ് പെറി പുറത്താക്കിയതോടെ യുപിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. എന്നാൽ ഇവിടെ നിന്ന് അവസാന ഓവറിലെ സൂപ്പര്‍ താരമായി സോഫി എക്ലെസ്റ്റോൺ യുപിയെ തോൽവിയിൽ നിന്ന് കരകയറ്റി മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചു. 19 പന്തിൽ 33 റൺസാണ് സോഫി നേടിയത്.
ആര്‍സിബിയ്ക്കായി സ്നേഹ് റാണ മൂന്നും കിം ഗാര്‍ത്ത്, രേണുക സിംഗ് താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.