മുംബൈ ഇന്ത്യന്‍സിനെതിരെ വനിത പ്രീമിയര്‍ ലീഗിൽ 167 റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മികച്ച തുടക്കം ബെംഗളൂരൂ നേടിയെങ്കിലും പിന്നീട് വിക്കറ്റുകളുമായി മുംബൈ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും എലീസ് പെറിയുടെ മികവുറ്റ ബാറ്റിംഗ് ആര്‍സിബിയ്ക്ക് 167/7 എന്ന പൊരുതാവുന്ന സ്കോര്‍ നൽകുകയായിരുന്നു.
സ്മൃതി മന്ഥാന 13 പന്തിൽ 26 റൺസുമായി മികച്ച തുടക്കമാണ് ആര്‍സിബിയ്ക്ക് നൽകിയത്. എന്നാൽ പിന്നീട് ടീം 57/4 എന്ന നിലയിലേക്ക് വീഴുന്നതാണ് കണ്ടത്. അവിടെ നിന്ന് എലീസ് പെറിയുടെ മികവുറ്റ ബാറ്റിംഗാണ് ടീമിന് തുണയായത്.
അഞ്ചാം വിക്കറ്റിൽ റിച്ച ഘോഷുമായി ചേര്‍ന്ന് 50 റൺസ് പെറി കൂട്ടിചേര്‍ത്തു. 28 റൺസായിരുന്നു റിച്ച ഘോഷിന്റെ സംഭാവന. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോളും പെറി മുംബൈ ബൗളിംഗിനെതിരെ അനായാസം റൺസ് കണ്ടെത്തുകയായിരുന്നു.
അവസാന ഓവറിൽ പുറത്താകുമ്പോള്‍ പെറി 43 പന്തിൽ നിന്ന് 81 റൺസാണ് നേടിയത്. 11 ബൗണ്ടറിയും രണ്ട് സിക്സുമാണ് താരം നേടിയത് .മുംബൈയ്ക്കായി അമന്‍ജോത് കൗര്‍ 3 വിക്കറ്റ് നേടി.