ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) നിന്ന് പാകിസ്ഥാൻ താരങ്ങളെ ഒഴിവാക്കിയതിൽ നിരാശ പ്രകടിപ്പിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉറൂജ് മുംതാസ്. WPL ന്റെ ഉദ്ഘാടന പതിപ്പിനായി ഇന്നലെ നടന്ന ലേലത്തിൽ ഇന്ത്യക്ക് പുറത്ത് നിന്ന് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വനിതാ ക്രിക്കറ്റ് താരങ്ങൾ കരാർ സ്വന്തമാക്കിയിരുന്നു. എന്നാൽ IPLൽ എന്ന പോലെ WPLലും പാകിസ്താൻ താരങ്ങളെ ഉൾപ്പെടുത്തുന്നില്ല.
എല്ലാ അവസരങ്ങളും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണമെന്നും പാകിസ്ഥാൻ കളിക്കാരുടെ അഭാവം നിർഭാഗ്യകരമാണെന്നും സങ്കടകരമാണെന്നും മുംതാസ് പറഞ്ഞു. ഇത് ആഗോളതലത്തിൽ കായികരംഗത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും ക്രിക്കറ്റ് രാജ്യങ്ങൾക്കിടയിൽ ഉള്ള നിലവാരത്തിൽ വിടവ് സൃഷ്ടിക്കും എന്നും മുംതാസ് പറഞ്ഞു.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ത്രീകൾക്കായി സ്വന്തം ടി20 ലീഗ് സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഇപ്പോൾ ആ ലീഗ് അനിശ്ചിതത്വത്തിൽ ആണ്. സെപ്റ്റംബറിൽ ആ ലീഗ് നടക്കും എന്നാണ് പ്രതീക്ഷ.