Harleendeol

അടിയ്ക്ക് തിരിച്ചടി!!! ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്

ഡൽഹി ക്യാപിറ്റൽസ് നൽകിയ 178 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 5 വിക്കറ്റ് വിജയം. ഇന്ന് ഹര്‍ലീന്‍ ഡിയോളിന്റെ മികവുറ്റ ബാറ്റിംഗിനൊപ്പം അതിവേഗ സ്കോറിംഗുമായി ബെത്ത് മൂണി, ആഷ്‍ലൈ ഗാര്‍ഡ്നര്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവരും എത്തിയപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 3 പന്ത് അവശേഷിക്കെയാണ് ഗുജറാത്തിന്റെ വിജയം.

രണ്ടാം ഓവറിൽ ദയലന്‍ ഹേമലതയുടെ വിക്കറ്റ് നഷ്ടമായ ശേഷം 85 റൺസാണ് ബെത്ത് മൂണി – ഹര്‍ലീന്‍ ഡിയോള്‍ കൂട്ടുകെട്ട് നേടിയത്. മൂണി 35 പന്തിൽ 44 റൺസ് നേടിയ ശേഷം മിന്നു മണിയ്ക്ക് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.

ഹര്‍ലീന്‍ ഡിയോളിന് കൂട്ടായി എത്തിയ ആഷ്‍ലൈ ഗാര്‍ഡ്നര്‍ 13 പന്തിൽ 22 റൺസും ഡിയാന്‍ഡ്ര ഡോട്ടിന്‍ 10 പന്തിൽ 24 റൺസും നേടി സ്കോറിംഗ് നിരക്ക് ഉയര്‍ത്തി നിര്‍ത്തിയതും ഗുജറാത്തിന് തുണയായി.

വിജയ സമയത്ത് 49 പന്തിൽ 70 റൺസുമായി ഹര്‍ലീന്‍ ഡിയോളും 3 പന്തിൽ 9 റൺസ് നേടി കാശ്വി ഗൗതമുമാണ് ക്രീസിലുണ്ടായിരുന്നത്. ഡൽഹിയ്ക്കായി ശിഖ പാണ്ടേയും ജെസ്സ് ജോന്നാസ്സനും 2 വീതം വിക്കറ്റ് നേടി.

മെഗ് ലാന്നിംഗ് നേടിയ 92 റൺസാണ് ഡൽഹിയെ 177/5 എന്ന സ്കോറിലെത്തിച്ചത്. ഷഫാലി വര്‍മ്മ 40 റൺസും നേടി.

Exit mobile version