ആർ സി ബിക്ക് വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിൽ നാടകീയമായ തോൽവി. ഇന്ന് ഡെൽഹി ക്യാപിറ്റൽസിന് എതിരെ അവസാന ഒരു പന്തിൽ രണ്ട് റൺസ് വേണ്ടിയിരിക്കെ റണ്ണൗട്ട് ആയതിനാൽ ആർ സി ബി ഒരു റണ്ണിന്റെ പരാജയം ഏറ്റുവാങ്ങി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് ആണ് എടുത്തത്. അവർക്ക് ആയി ജമീമ റോഡ്രിഗസ് 36 പന്തിൽ 58 റൺസ് അടിച്ച് ടോപ് സ്കോറർ ആയി. 32 പന്തിൽ 48 റൺസ് എടുത്ത് അലിസ കാപ്സിയും തിളങ്ങി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ആർ സി ബിക്ക് സ്മൃതിയെ തുടക്കത്തിൽ തന്നെ നഷ്ടമായി. സ്മൃതി ആകെ 5 റൺ ആണ് എടുത്തത് 49 റൺസ് അടിച്ച എലിസ പെരി ആണ് ആർ സി ബിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്.
അവസാനം റിച്ച ഘോഷും സൊഫി ഡിവൈനും ചേർന്നതോടെ റൺ വേഗത്തിൽ ഒഴുകാൻ തുടങ്ങി. സോഫി ഡിവൈൻ 16 പന്തിൽ 26 റൺസ് എടുത്ത് പുറത്തായി. റിച്ച അവസാനം വരെ പൊരുതി. 29 പന്തിൽ 51 റൺസ് എടുത്ത റിച്ച അവസാന റണ്ണുനായി ഓടുമ്പോൾ റണ്ണൗട്ടായതാണ് ആർ സി ബി തോൽക്കാൻ കാരണമായത്. ഈ വിജയത്തോടെ ഡെൽഹി ക്യാപിറ്റൽസ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചു.