ഇന്ത്യൻ പ്രീമിയർ ലീഗിൽ അന്താരാഷ്ട്ര വിക്കറ്റ് കീപ്പർമാർക്ക് ആയി പൈസ വാരിയെറിഞ്ഞു ടീമുകൾ. മാത്യു വേഡ്, സാം ബില്ലിംഗ്സ്, വൃദ്ധിമാൻ സാഹ എന്നിവരെ ആരും വാങ്ങിയില്ല എങ്കിലും മറ്റുള്ളവർക്ക് ആയി വലിയ പോരാട്ടം ആണ് നടന്നത്. തുടക്കത്തിൽ പഞ്ചാബിന്റെയും പിന്നീട് ഹൈദരബാദിന്റെയും കനത്ത വെല്ലുവിളി അതിജീവിച്ചു 15 കോടി 25 ലക്ഷം എന്ന റെക്കോർഡ് തുകയാണ് മുംബൈ ഇന്ത്യൻസ് ഇന്ത്യൻ താരം ഇഷാൻ കിഷനു ആയി മുടക്കിയത്. ഒരു ഇന്ത്യൻ താരത്തിന് ഒരു ഐ.പി.എൽ ടീം മുടക്കുന്ന രണ്ടാമത്തെ വലിയ തുകയാണ് ഇത്. 2 കോടി ആയിരുന്നു കിഷന്റെ അടിസ്ഥാന വില. ഒരാളെയും മേടിക്കാതെ കിഷനു മാത്രമായി കാത്തിരുന്ന മുംബൈക്ക് ഇത് വലിയ നേട്ടമായി.
അതേസമയം കിഷനെ കിട്ടാത്ത ഹൈദരബാദ് 10 കോടി 75 ലക്ഷം ആണ് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരനു ആയി മുടക്കിയത്. കനത്ത പോരാട്ടം ആണ് താരത്തിന് ആയും നടന്നത്. താരത്തിന്റെ പഴയ ക്ലബ് ഡൽഹി അടക്കം താരത്തിന് ആയി ശ്രമിച്ചു. അതേസമയം 6 കോടി 75 ലക്ഷം രൂപക്ക് ഇംഗ്ലീഷ് താരം ജോണി ബരിസ്റ്റോയെ സ്വന്തമാക്കാൻ പഞ്ചാബ് കിങ്സിന് ആയി. ഹൈദരബാദും ഒരു ഘട്ടത്തിൽ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു. അതേസമയം തങ്ങളുടെ പഴയ താരം അമ്പാട്ടി റായ്ഡുവിനെ 6 കോടി 75 ലക്ഷം രൂപയ്ക്ക് നിലനിർത്താൻ ചെന്നൈ സൂപ്പർ കിങ്സിന് ആയി. അതേസമയം ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിനായി വാശിയോടെ രംഗത്ത് വന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ 5 കോടി 50 ലക്ഷത്തിന് സ്വന്തമാക്കി. ചെന്നൈയും ആയി കടുത്ത പോരാട്ടം ആണ് താരത്തിന് ആയി നടന്നത്. വിരാട് കൊഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനാൽ തന്നെ കാർത്തിക് ചിലപ്പോൾ ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനത്തേക്കും എത്തിയേക്കും.