സൺറൈസേഴ്സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ 144 റൺസ് 9 വിക്കറ്റ് നഷ്ടത്തിൽ നേടുവാനാണ് ഡൽഹിയ്ക്ക് സാധിച്ചത്. 62/5 എന്ന നിലയിലേക്ക് വീണ ഡൽഹിയെ മനീഷ് പാണ്ടേ – അക്സര്‍ പട്ടേൽ കൂട്ടുകെട്ടാണ് ടീമിനെ വന്‍ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.
ആദ്യ ഓവറിൽ തന്നെ ഫിലിപ്പ് സാള്‍ട്ടിനെ നഷ്ടമായ ഡൽഹിയ്ക്കായി 15 പന്തിൽ 25 റൺസ് നേടി മിച്ചൽ മാര്‍ഷ് വേഗത്തിൽ സ്കോറിംഗ് നടത്തിയെങ്കിലും താരം പവര്‍പ്ലേയ്ക്കുള്ളിൽ പുറത്തായി.
21 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ തന്നെ സര്‍ഫ്രാസ് ഖാനെയും അമന്‍ ഹകീം ഖാനെയും പുറത്താക്കി വാഷിംഗ്ടൺ സുന്ദര്‍ ഡൽഹിയെ 62/5 എന്ന നിലയിലേക്ക് തള്ളിയിട്ടു. 57/2 എന്ന നിലയിൽ നിന്ന് 8 റൺസ് നേടുന്നതിനിടെ ടീമിന് 3 വിക്കറ്റ് നഷ്ടമാകുകയായിരുന്നു.
പത്തോവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 72 റൺസാണ് ഡൽഹി നേടിയത്. അക്സര്‍ പട്ടേലും മനീഷ് പാണ്ടേയും ചേര്‍ന്ന് ആറാം വിക്കറ്റിൽ 69 റൺസ് നേടി ഡൽഹിയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. മയാംഗ് മാര്‍ക്കണ്ടേയുടെ ഓവറിൽ ഹാട്രിക്ക് ഫോര്‍ അക്സര്‍ പട്ടേൽ നേടിയപ്പോള്‍ ഡൽഹിയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടാനായി.
34 പന്തിൽ 34 റൺസ് നേടിയ അക്സറിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 27 പന്തിൽ 34 റൺസ് നേടിയ മനീഷ് പാണ്ടേ റണ്ണൗട്ട് രൂപത്തിൽ തൊട്ടടുത്ത ഓവറിൽ പുറത്തായതും സ്കോര്‍ 150 കടത്തുന്നതിൽ നിന്ന് ഡൽഹിയെ തടയുകയായിരുന്നു.
ഭുവനേശ്വര്‍ കുമാര്‍ തന്റെ നാലോവറിൽ വെറും 11 റൺസ് വിട്ട് നൽകി രണ്ട് വിക്കറ്റ് നേടുകയായിരുന്നു. ഇതിൽ അവസാന ഓവറിൽ പിറന്ന ആറ് റൺസ് ഉള്‍പ്പെടുന്നു. കുൽദീപ് യാദവ് ഭുവിയുടെ സ്പെലിലെ അവസാന പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ ഡൽഹി 144/9 എന്ന സ്കോര്‍ നേടി.