ഐപിഎലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് 219 റൺസ്. നെഹാൽ വദേരയും ശശാങ്ക് സിംഗും നേടി അര്‍ദ്ധ ശതകങ്ങള്‍ 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 219 റൺസിലേക്ക് എത്തിച്ചു.
രാജസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് രണ്ടാം ഓവറിൽ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായി. തൊട്ടടുത്ത ഓവറിൽ മിച്ചൽ ഓവനെ നഷ്ടമായ പഞ്ചാബിന് അടുത്ത ഓവറിൽ പ്രഭ്സിമ്രാന്‍ സിംഗിനെയും നഷ്ടമാകുമ്പോള്‍ 34/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പ്രഭ്സിമ്രാന്‍ 10 പന്തിൽ 21 റൺസ് നേടിയപ്പോള്‍ താരത്തെയും പ്രിയാന്‍ഷ് ആര്യയയെയും തുഷാര്‍ ദേശ്പാണ്ടേ ആണ് പുറത്താക്കിയത്.
അവിടെ നിന്ന് പഞ്ചാബിന്റെ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. നെഹാൽ വദേരയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് 67 റൺസ് നാലാം വിക്കറ്റിൽ കൂട്ടിചേര്‍ത്തപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ നൂറ് കടന്നു. 25 പന്തിൽ 30 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ റിയാന്‍ പരാഗ് പുറത്താക്കി.
അഞ്ചാം വിക്കറ്റിൽ വദേരയും ശശാങ്ക് സിംഗും മികവുറ്റ ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ 58 റൺസ് കൂട്ടിചേര്‍ക്കുവാന്‍ പഞ്ചാബിന് സാധിച്ചു. വദേര 37 പന്തിൽ 70 റൺസ് നേടി പുറത്താകുകയായിരുന്നു. ആകാശ് മധ്വാൽ ആണ് വിക്കറ്റ് നേടിയത്.
വദേര പുറത്തായ ശേഷം ശശാങ്കിന് കൂട്ടായി എത്തിയ അസ്മത്തുള്ള ഒമര്‍സായിയും മികവ് പുലര്‍ത്തിയപ്പോള്‍ 219 റൺസാണ് പഞ്ചാബ് നേടിയത്. ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 24 പന്തിൽ നിന്ന് 60 റൺസാണ് നേടിയത്.
ശശാങ്ക് 30 പന്തിൽ 59 റൺസും ഒമര്‍സായി 9 പന്തിൽ 21 റൺസും നേടി പുറത്താകാതെ നിന്നു.