ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ പ്രഥമ കിരീടം നേടാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുമ്പോൾ അവരുടെ ഓപ്പണറായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വെടിക്കെട്ട് താരം എബി ഡിവില്ലേഴ്‌സും വേണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ. യു.എ.ഇയിലെ പിച്ചുകൾ വളരെ സ്ലോ ആണെന്നും അതുകൊണ്ട് തന്നെ ചാമ്പ്യൻ ബാറ്റ്സ്മാൻമാരായ വിരാട് കോഹ്‌ലിയും ഡിവില്ലേഴ്‌സും ഓപ്പണർമാരായി ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നും ഗാവസ്‌കർ പറഞ്ഞു.
ഐ.പി.എല്ലിൽ തങ്ങളുടെ ആദ്യ കിരീടം നേടി ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി സ്പിൻ ബൗളർ യുസ്‌വേന്ദ്ര ചഹാൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മാച്ച് വിന്നർ ആവുമെന്നും ഗാവസ്‌കർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിരീടം നേടാത്തത് നിഗൂഢത നിറഞ്ഞ ഒന്നാണെന്നും വിരാട് കോഹ്‌ലിയും ഡിവില്ലേഴ്‌സും ഉള്ള ഒരു ടീം ഒരിക്കലും റൺസ് കണ്ടെത്താൻ വിഷമിക്കില്ലെന്നും ഗാവസ്‌കർ പറഞ്ഞു. എന്നാൽ മത്സരത്തിൽ ഇരു താരങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടാൽ മറ്റു താരങ്ങൾ അതിന് അനുസരിച്ച് ഉയരാത്തത് ആർ.സി.ബിയുടെ തോൽവിക്ക് കാരണമായേക്കുമെന്നും ഗാവസ്‌കർ പറഞ്ഞു.
മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസൺ ഈ സീസണിൽ പരിശീലകനായി വരുന്നത് അവർക്ക് ഗുണം ചെയ്യുമെന്നാണ് താൻ കരുതുന്നതെന്നും ഗാവസ്‌കർ പറഞ്ഞു. സെപ്റ്റംബർ 21ന് ദുബായിൽ വെച്ച് സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം.