കൊറോണ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി തങ്ങളുടെ ബാറ്റും ജേഴ്സിയും ലേലത്തിന് വെക്കാൻ തീരുമാനിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലേഴ്‌സും. 2016ൽ ഗുജറാത്ത് ലയൺസിനെതിരായ ഐ.പി.എൽ ‘ഗ്രീൻ’ മത്സരത്തിൽ ഉപയോഗിച്ച വിരാട് കോഹ്‌ലിയുടെ ബാറ്റും ഗ്ലൗസും ഒപ്പം എ.ബി ഡിവില്ലേഴ്‌സിന്റെ വിരാട് കോഹ്‌ലി ഒപ്പു വെച്ച ജേഴ്സിയും ബാറ്റുമാണ് ലേലത്തിന് വെക്കുന്നത്.
റോയൽ ചലഞ്ചേഴ്‌സ് താരങ്ങളായ ഇരുവരും ഇൻസ്റ്റാഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിനിടെയാണ് ലേലത്തിന്റെ കാര്യം എ.ബി ഡിവില്ലേഴ്‌സ് അറിയിച്ചത്. അന്നത്തെ മത്സരത്തിൽ പച്ച ജേഴ്സിയണിഞ്ഞ് ഇറങ്ങിയ ആർ.സി.ബിക്ക് വേണ്ടി വിരാട് കോഹ്‌ലിയും എ.ബി. ഡിവില്ലേഴ്‌സും സെഞ്ചുറിയും നേടിയിരുന്നു. ഇരുവരുടെയും സെഞ്ചുറിയുടെ പിൻബലത്തിൽ ആ മത്സരത്തിൽ ആർ.സി.ബി 248 റൺസ് എടുക്കുകയും ചെയ്തിരുന്നു.
ആ മത്സരത്തിലെ കൂട്ടുകെട്ട് താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും ഓരോ ഇന്നിങ്സിൽ രണ്ട് താരങ്ങൾ സെഞ്ചുറി നേടുന്നത് ഇപ്പോഴും കാണാൻ പറ്റുന്ന കാഴ്ചയല്ലെന്നും എ.ബി ഡിവില്ലേഴ്‌സ് പറഞ്ഞു. ഇതിൽ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി ദക്ഷിണാഫ്രിക്കയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്നും വിരാട് കോഹ്‌ലി പറഞ്ഞു.