ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ മലയാളി താരം വിഗ്നേഷ് പുത്തൂരിന്റെ മാസ്മരിക ബൗളിംഗ് പ്രകടനം മുംബൈയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും രച്ചിന്‍ രവീന്ദ്രയുടെ കരുതലോടെയുള്ള ബാറ്റിംഗ് വിജയം ചെന്നൈയ്ക്കൊപ്പം നിര്‍ത്തുവാന്‍ സഹായിച്ചു. ടോപ് ഓര്‍ഡറിൽ റുതുരാജ് ഗായക്വാഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ കുതിയ്ക്കുകയായിരുന്ന ചെന്നൈയെ വിഗ്നേഷ് പുത്തൂര്‍ നേടിയ മൂന്ന് വിക്കറ്റുകള്‍ വരിഞ്ഞുകെട്ടുകയായിരുന്നു. എന്നാൽ 156 റൺസ് വിജയ ലക്ഷ്യം ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ 158 റൺസ് നേടി സ്വന്തമാക്കുകയായിരുന്നു..
രാഹുല്‍ ത്രിപാഠിയെ രണ്ടാം ഓവറിൽ ദീപക് ചഹാര്‍ വീഴ്ത്തിയ ശേഷം റുതുരാജ് ഗായക്വാഡ് – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് 67 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 22 പന്തിൽ റുതുരാജ് തന്റെ ഐപിഎൽ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. താരത്തിന്റെ ഐപിഎലിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണ് ഇത്.
അര്‍ദ്ധ ശതകവുമായി കുതിയ്ക്കുകയായിരുന്ന റുതുരാജിനെ വീഴ്ത്തി മലയാളി താരം വിഗ്നേഷ് പുതൂര്‍ തന്റെ കന്നി ഐപിഎൽ വിക്കറ്റ് നേടുകയായിരുന്നു. തന്റെ അടുത്ത ഓവറിൽ ശിവം ദുബേയുടെ വിക്കറ്റ് വിഗ്നേഷ് നേടി.
ദീപക് ഹൂഡയായിരുന്നു വിഗ്നേഷിന്റെ അടുത്ത ഇര. ഇതോടെ ചെന്നൈ 107/4 എന്ന നിലയിലേക്ക് വീണു. ഒരു ഘട്ടത്തിൽ 78/1 എന്ന അതിശക്തമായ നിലയിലായിരുന്നു സിഎസ്കെ.
രച്ചിന്‍ രവീന്ദ്രയും രവീന്ദ്ര ജഡേജയും ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ 18 പന്തിൽ ലക്ഷ്യം 21 റൺസായിരുന്നു. വിഗ്നേഷ് പുത്തൂര്‍ എറിഞ്ഞ 18ാം ഓവറിൽ രച്ചിന്‍ രവീന്ദ്ര സിക്സ് നേടി തന്റെ അര്‍ദ്ധ ശതകം തികച്ചു. ഓവറിലെ അവസാന പന്തിൽ ഒരു സിക്സ് കൂടി രച്ചിന്‍ രവീന്ദ്ര നേടിയപ്പോള്‍ ഓവറിൽ നിന്ന് 15 റൺസ് പിറന്നു. ഇതോടെ ചെന്നൈയുടെ വിജയ ലക്ഷ്യം 12 പന്തിൽ 6 റൺസായി മാറി.
ജയം നാല് റൺസ് അകലെയുള്ളപ്പോള്‍ 17 റൺസ് നേടിയ രവീന്ദ്ര ജഡേജ റണ്ണൗട്ടായി. അവസാന ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സാന്റനറെ സിക്സര്‍ പറത്തി രച്ചിന്‍ രവീന്ദ്ര ചെന്നൈയുടെ 4 വിക്കറ്റ് വിജയം ഉറപ്പാക്കിയപ്പോള്‍ താരം പുറത്താകാതെ 45 പന്തിൽ നിന്ന് 65 റൺസ് നേടുകയായിരുന്നു.