തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിന് പരാജയം. ഇന്ന് കൊല്‍ക്കത്ത 7 വിക്കറ്റ് വിജയം നേടിയപ്പോള്‍ തന്റെ രണ്ടാമത്തെ മാത്രം ഐപിഎൽ മത്സരം കളിക്കുന്ന വെങ്കടേഷ് അയ്യരുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിനൊപ്പം തട്ടുപ്പൊളിപ്പന്‍ ബാറ്റിംഗുമായി രാഹുല്‍ ത്രിപാഠിയും ഫിഫ്റ്റി നേടിയാണ് മുംബൈയെ കശാപ്പ് ചെയ്തത്. 15.1 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊല്‍ക്കത്ത വിജയം ഉറപ്പാക്കിയത്.
156 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ശുഭ്മന്‍ ഗില്ലിനെ ജസ്പ്രീത് ബുംറ എറിഞ്ഞ മൂന്നാം ഓവറിൽ നഷ്ടമായെങ്കിലും വെങ്കടേഷ് അയ്യര്‍ ഒരു വശത്ത് അടിച്ച് തകര്‍ത്തപ്പോള്‍ ടീം 40 റൺസ് ഒന്നാം വിക്കറ്റിൽ നേടിയിരുന്നു. രണ്ടാം വിക്കറ്റിൽ ത്രിപാഠി – വെങ്കടേഷ് കൂട്ടുകെട്ടിനെ പൂട്ടുവാന്‍ പഠിച്ച പണി പതിനെട്ടും രോഹിത് നോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല.
12ാം ഓവറിൽ ബുംറ മടങ്ങിയെത്തി അയ്യരെ പുറത്താക്കുമ്പോള്‍ 30 പന്തിൽ 53 റൺസാണ് അയ്യര്‍ നേടിയത്. രണ്ടാം വിക്കറ്റിൽ 88 റൺസ് ത്രിപാഠിയും അയ്യരും ചേര്‍ന്ന് നേടി. കൊല്‍ക്കത്തയുടെ വിജയം തടയാനായില്ലെങ്കിലും ഓയിന്‍ മോര്‍ഗന്റെ വിക്കറ്റും വീഴ്ത്തി ജസ്പ്രീത് ബുംറ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.
42 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ രാഹുല്‍ ത്രിപാഠിയുടെ ഇന്നിംഗ്സാണ് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്.