കഴിഞ്ഞ മത്സരത്തിൽ താന്‍ 49 റൺസ് വഴങ്ങിയെന്നും ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി തിരിച്ചുവരവ് നടത്തുവാന്‍ തനിക്ക് സാധിച്ചുവെന്നും അതാണ് ജീവിതം എത്ര വിചിത്രമെന്ന് തോന്നിപ്പിക്കുന്ന നിമിഷമെന്നും പറഞ്ഞ് വരുൺ ചക്രവര്‍ത്തി. ഇന്നലെ ആര്‍സിബിയ്ക്കെതിരെയുള്ള കൊൽക്കത്തയുടെ മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വരുൺ ചക്രവര്‍ത്തി.
തന്റെ നാലോവറിൽ 27 റൺസ് വഴങ്ങി താരം 3 വിക്കറ്റാണ് ആര്‍സിബിയ്ക്കെതിരെ നേടിയത്. ഗ്ലെന്‍ മാക്സ്വെൽ, മഹിപാൽ ലോംറോര്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ വിക്കറ്റുകള്‍ നിര്‍ണ്ണായക ഘട്ടങ്ങളിൽ താരം നേടുകയായിരുന്നു.
ഈ വര്‍ഷം താന്‍ വേരിയേഷനിലുപരി കൃത്യതയ്ക്കാണ് ഊന്നൽ നൽകുന്നതെന്നും കൂടുതൽ വേരിയേഷനുകള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നില്ലെന്നും താരം കൂട്ടിചേര്‍ത്തു. തനിക്ക് പ്രയാസമേറിയ ഓവറുകള്‍ എറിയുക എന്ന ചലഞ്ച് ഇഷ്ടമാണെന്നും നിതീഷ് തനിക്ക് നിര്‍ണ്ണായക ഓവറുകള്‍ നൽകുന്നുവെന്നും വരുൺ ചക്രവര്‍ത്തി സൂചിപ്പിച്ചു.