റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മികച്ച സ്കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ചെന്നൈയോട് ബാംഗ്ലൂര്‍ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 216 റൺസാണ് നേടിയത്.
റുതുരാജിനെ(17) ജോഷ് ഹാസൽവുഡും മോയിന്‍ അലി റണ്ണൗട്ട് രൂപത്തിലും പുറത്തായപ്പോള്‍ 36/2 എന്ന നിലയിലേക്ക് വീണ ചെന്നൈയ്ക്ക് പിന്നീട് മത്സരത്തിൽ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മൂന്നാം വിക്കറ്റിൽ റോബിന്‍ ഉത്തപ്പയും ശിവം ഡുബേയും ആര്‍സിബി ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു.
74 പന്തിൽ 165 റൺസ് നേടിയ കൂട്ടുകെട്ട് ഹസരംഗ തകര്‍ക്കുമ്പോള്‍ 19ാം ഓവറായിരുന്നു ഇന്നിംഗ്സിൽ പുരോഗമിച്ചിരുന്നത്. 50 പന്തിൽ 88 റൺസ് നേടിയ ഉത്തപ്പ 4 ഫോറും 9 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. തൊട്ടടുത്ത പന്തിൽ ഹസരംഗ രവീന്ദ്ര ജഡേജയെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. 3 ഓവറിൽ താരം 35 റൺസാണ് വഴങ്ങിയത്.
ഹാസൽവുഡ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഫാഫ് ഡുബേയുടെ ക്യാച്ച് വിട്ട് കളഞ്ഞപ്പോള്‍ 46 പന്തിൽ 95 റൺസ് നേടി പുറത്താകാതെ നിന്ന താരത്തിന്റെ മികവിൽ 216 റൺസാണ് ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഡുബേ 8 സിക്സും 5 ഫോറുമാണ് നേടിയത്.