ജേസൺ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറിൽ മുംബൈയ്ക്ക് വിജയിക്കുവാന്‍ 17 റൺസ് വേണ്ടപ്പോള്‍ ആദ്യ മൂന്ന് പന്തിൽ ഹാട്രിക്ക് സിക്സ് നേടി 19.3 ഓവറിൽ 214/4 എന്ന സ്കോര്‍ നേടി വിജയം ഉറപ്പാക്കി ടിം ഡേവിഡ്. 213 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയെ 14 പന്തിൽ 45 റൺസ് നേടിയ ടിം ഡേവിഡിന്റെ മികവാണ് തുണച്ചത്.
55 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് പുറത്തായ ശേഷം തിലക് വര്‍മ്മയ്ക്കൊപ്പം 62 റൺസാണ് ടിം ഡേവിഡ് കൂട്ടിചേര്‍ത്തത്. തിലക് 21 പന്തിൽ നിന്ന് 29 റൺസ് നേടി മികച്ച പിന്തുണ നൽകി.
രോഹിത്തിനെ തുടക്കത്തിലെ നഷ്ടമായ ശേഷം കാമറൺ ഗ്രീനും ഇഷാന്‍ കിഷനും കൂടി പവര്‍പ്ലേയിൽ മികച്ച രീതിയിൽ മുംബൈയ്ക്കായി ബാറ്റ് വീശുകയായിരുന്നു. 58 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ പവര്‍പ്ലേയിൽ മുംബൈ നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ 28 റൺസ് നേടിയ ഇഷാന്‍ കിഷനെ പുറത്താക്കിയാണ് 62 റൺസ് കൂട്ടുകെട്ടിനെ തകര്‍ത്തത്. പത്തോവര്‍ പിന്നിടുമ്പോള്‍ മുംബൈ 98/2 എന്ന നിലയിലായിരുന്നു.
തന്റെ തൊട്ടടുത്ത ഓവറിൽ അശ്വിന്‍ അപകടകാരിയായ ഗ്രീനിനെയും മടക്കി. 26 പന്തിൽ 44 റൺസായിരുന്നു ഗ്രീന്‍ നേടിയത്. 25 റൺസാണ് സ്കൈയും ഗ്രീനും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്. ഇതിൽ ഭൂരിഭാഗം സ്കോറിംഗും സ്കൈ ആണ് നടത്തിയത്.
പതിനൊന്നാം ഓവറിൽ അശ്വിനും 12ാം ഓവറിൽ ചഹാലും വെറും 3 റൺസ് വീതം മാത്രം വിട്ട് നൽകിയപ്പോള്‍ മുംബൈയെ വരിഞ്ഞുകെട്ടുവാന്‍ രാജസ്ഥാന് സാധിച്ചു. 13ാം ഓവര്‍ എറിയാനെത്തിയ കുൽദീപ് സെന്നിനെ ഒരു സിക്സിനും നാല് ഫോറിനും പറത്തി സൂര്യകുമാര്‍ യാദവ് വീണ്ടും മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്ന കാഴ്ചയാണ് കണ്ടത്. 20 റൺസ് ഓവറിൽ നിന്ന് വന്നപ്പോള്‍ 42 പന്തിൽ നിന്ന് 89 റൺസായി മുംബൈയുടെ ലക്ഷ്യം.
ചഹാൽ എറിഞ്ഞ 14ാം ഓവറിൽ മുംബൈ അതിശക്തമായി മത്സരത്തിലേക്ക് തിരികെ വരുന്നതാണ് കണ്ടത്. ഓവറിൽ നിന്ന് 17 റൺസ് വന്നപ്പോള്‍ സ്കൈ ഒരു ഫോറും തിലക് വര്‍മ്മ ഒരു സിക്സും ബൗണ്ടറിയും നേടുകയായിരുന്നു. ഇതോടെ അവസാന ആറോവറിൽ 72 റൺസായിരുന്നു വിജയത്തിനായി മുംബൈ നേടേണ്ടിയിരുന്നത്.
ബോള്‍ട്ട് ബൗളിംഗിലേക്ക് മടങ്ങിയെത്തിയപ്പോള്‍ 29 പന്തിൽ 55 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ താരം പുറത്താക്കുകയായിരുന്നു. മികച്ചൊരു ഡൈവിംഗ് ക്യാച്ചിലൂടെ സന്ദീപ് ശര്‍മ്മയാണ് സൂര്യകുമാര്‍ യാദവിനെ പിടിച്ച് പുറത്താക്കിയത്. 31 പന്തിൽ 51 റൺസാണ് സ്കൈ – തിലക് വര്‍മ്മ കൂട്ടുകെട്ട് മുംബൈയ്ക്കായി നേടിയത്.
ടിം ഡേവിഡ് അടുത്ത രണ്ട് പന്തുകളിൽ രണ്ട ഡബിള്‍ നേടിയപ്പോള്‍ ബോള്‍ട്ടിന്റെ ഓവറിൽ നിന്ന് 6 റൺസ് മാത്രമാണ് പിറന്നത്. ഇതോടെ ലക്ഷ്യം 24 പന്തിൽ 57 എന്ന നിലയിലായി.
ഹോള്‍ഡര്‍ എറിഞ്ഞ 17ാം ഓവറിൽ 14 റൺസാണ് മുംബൈ നേടിയത്. ഇതോടെ ലക്ഷ്യം 18 പന്തിൽ 43 റൺസായി. ബോള്‍ട്ടിനെ 18ാം ഓവര്‍ എറിയുവാന്‍ സഞ്ജു ദൗത്യം ഏല്പിച്ചപ്പോള്‍ താരത്തെ തിലക് വര്‍മ്മ ബൗണ്ടറിയോടെയാണ് വരവേറ്റത്. രണ്ടാം പന്തിൽ ഡബിള്‍ നേടിയപ്പോള്‍ മൂന്നാം പന്തിൽ റണ്ണൊന്നും പിറന്നില്ല. അടുത്ത രണ്ട് പന്തിൽ ഒരു റൺസ് മാത്രം നേടുവാന്‍ മാത്രമേ മുംബൈയ്ക്ക് സാധിച്ചുള്ളു. എന്നാൽ അവസാന പന്തിൽ ടിം ഡേവിഡ് ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ നിന്ന് 11 റൺസ് പിറന്നു.
ഇതോടെ ലക്ഷ്യം 12 പന്തിൽ 32 റൺസായി മാറി. സന്ദീപ് ശര്‍മ്മ 19ാം ഓവര്‍ എറിയുവാന്‍ വന്നപ്പോള്‍ രണ്ടാം പന്ത് സിക്സര്‍ പറത്തിയാണ് ടിം ഡേവിഡ് താരത്തെ വരവേറ്റത്. ഓവറിൽ നിന്ന് ഒരു ബൗണ്ടറി കൂടി ഡേവിഡ് നേടിയപ്പോള്‍ 15 റൺസാണ് സന്ദീപ് ശര്‍മ്മ വഴങ്ങിയത്. അവസാന ഓവറിലെ ലക്ഷ്യം 17 ഇതോടെ ആയി മാറി.
അവസാന ഓവറിൽ ജേസൺ ഹോള്‍ഡറെ ആദ്യ മൂന്ന് പന്തിൽ തന്നെ സിക്സര്‍ പറത്തി ടിം ഡേവിഡ് മുംബൈയുടെ 6 വിക്കറ്റ് വിജയം സാധ്യമാക്കി.