ഐപിഎലില്‍ മുംബൈയ്ക്കെതിരെ 7 വിക്കറ്റ് വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് പഞ്ചാബ്. 185 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീമിന് 3 വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിലാണ് ആധികാരിക വിജയം കരസ്ഥമാക്കാനായത്.
പ്രഭ്സിമ്രാന്‍ സിംഗിനെ ജസ്പ്രീത് ബുംറ തുടക്കത്തിൽ പുറത്താക്കിയപ്പോള്‍ 4.2 ഓവറിൽ 34 റൺസാണ് പഞ്ചാബിന്റെ സ്കോര്‍. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 47 റൺസ് നേടിയ ടീമിനെ പിന്നീട് പ്രിയാന്‍ഷ് ആര്യയും ജോഷ് ഇംഗ്ലിസും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.
മെല്ലെ തുടങ്ങിയ ജോഷും വേഗത്തിൽ സ്കോറിംഗ് ആരംഭിച്ചപ്പോള്‍ 11ാം ഓവറിൽ ആണ് പഞ്ചാബ് നൂറ് കടന്നത്. 29 പന്തിൽ നിന്ന് ജോഷ് ഇംഗ്ലിസ് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അധികം വൈകാതെ തന്നെ പ്രിയാന്‍ഷ് ആര്യയും തന്റെ അര്‍ദ്ധ ശതകം തികച്ചു. 27 പന്തിൽ നിന്നാണ് പ്രിയാന്‍ഷ് തന്റെ അര്‍ദ്ധ ശതകം തികച്ചത്. അവസാന എട്ടോവറിൽ പഞ്ചാബിന്റെ വിജയ ലക്ഷ്യം 65 റൺസായിരുന്നു.
109 റൺസ് കൂട്ടുകെട്ടിന് ശേഷം പ്രിയാന്‍ഷ് ആര്യ മടങ്ങിയപ്പോള്‍ താരം 35 പന്തിൽ നിന്ന് 62 റൺസാണ് നേടിയത്. 43 പന്തിൽ 72 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ പഞ്ചാബിന് നഷ്ടമായെങ്കിലും വിജയം ആ ഘട്ടത്തിൽ വെറും 14 റൺസ് അകലെയായിരുന്നു.
16 പന്തിൽ നിന്ന് 26 റൺസ് നേടിയ ശ്രേയസ്സ് അയ്യര്‍ സിക്സറോട് കൂടി പഞ്ചാബിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ ടീം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.