ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ അവസാന പന്തില്‍ ലസിത് മലിംഗ എറിഞ്ഞ നോ ബോള്‍ അമ്പയര്‍മാര്‍ കാണാതെ പോയത് ഏറെ വിവാദമായി ചര്‍ച്ചയാകുമ്പോള്‍ അതിന്റെ ഗുണം അനുഭവിച്ച ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിമര്‍ശനവുമായി എത്തി. താന്‍ മത്സരം ശേഷം ബൗണ്ടറി റോപ് കടന്നപ്പോളാണ് ഈ വിവരം ആരോ തന്നോട് പറയുന്നത്. ഇത്തരം തെറ്റുകള്‍ ക്രിക്കറ്റിനെയാണ് ബാധിക്കുന്നത്.
സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം പിഴവുകള്‍ ഒഴിവാക്കാവുന്നതാണ്. ഇതില്‍ താരങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. അത് ഇന്നിംഗ്സിലെ അവസാന പന്തായിരുന്നു. ജയിച്ച് ആവേശഷത്തില് അവര്‍ കൈ കടുത്ത് പിരിയും എന്നാല്‍ ഇത്തരത്തില്‍ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ അത് ഏത് ടീമിനാണോ എതിരാവുന്നത് അവര്‍ക്ക് അത് വളരെ വിഷമമേറിയതാകും.
ഓഫ്-ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ടിവിയുടെ സഹായം ഇത്തരം അവസരങ്ങളില്‍ ഉപയോഗിക്കാം. ടിവിയില്‍ എന്താണ് സംഭവിക്കുന്നത് റിപ്ലേയില്‍ കാണാവുന്നതാണ്. അത് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരോട് അറിയിച്ച് ഇത്തരം തെറ്റുകള്‍ തിരുത്താവുന്നതാണ്. ഇതിനുള്ള പ്രതിവിധിയെന്താണെന്ന് തനിക്കറിയില്ല. ബോര്‍ഡുകളാണ് ഇതിന്മേല് തീരുമാനം എടുക്കേണ്ടത്.
ഇത്തരം സംഭവങ്ങള്‍ ക്രിക്കറ്റിനു ഗുണമല്ലെന്ന് മാത്രം തനിക്കറിയാം. ചെറിയ തെറ്റുകള്‍ മത്സരങ്ങള്‍ നഷ്ടമാകുവാനും ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റില്‍ ഒരു മത്സരം ചിലപ്പോള്‍ പ്ലേ ഓഫ് സ്ഥാനം തന്നെ മാറ്റി മറിച്ചേക്കാം. ടൂര്‍ണ്ണമെന്റ് വിജയിക്കുവാനായി ഈ ടീമുകളെല്ലാം നല്ല പോലെ കഷ്ടപ്പെടുന്നതാണ് അപ്പോള്‍ ഇത്തരം തെറ്റുകള്‍ അംഗീകരിക്കാനാകില്ല.