ഐപിഎലിലെ ഈ സീസണിലെ തന്റെ ആദ്യത്തെ അര്‍ദ്ധ ശതക പ്രകടനവുമായി മുംബൈ ഇന്ത്യന്‍സിനെ മുന്നോട്ട് നയിച്ച് സൂര്യകുമാര്‍ യാദവ്. ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച തുടക്കമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ 88/1 എന്ന നിലയിലായിരുന്ന ടീം പൊടുന്നനെ 117/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
എന്നാല്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് അവസാന ഓവറുകളില്‍ മികച്ച റണ്‍സ് കണ്ടെത്തിയപ്പോള്‍ ടീം 193/4 എന്ന മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക്കും ചേര്‍ന്ന് 38 പന്തില്‍ നിന്ന് 75 റണ്‍സാണ് പുറത്താകാതെ നേടിയത്.
വലിയ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന മുംബൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കാര്‍ത്തിക് ത്യാഗിയാണ് പുറത്താക്കിയത്. 15 പന്തില്‍ 23 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കിയാണ്. 4.5 ഓവറില്‍ 49 റണ്‍സാണ് മുംബൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്.
പവര്‍ പ്ലേയില്‍ 57 റണ്‍സ് നേടിയ മുംബൈ പവര്‍പ്ലേയ്ക്ക് ശേഷവും റണ്‍സ് യഥേഷ്ടം കണ്ടെത്തി മുന്നേറുന്നതിനിടയിലാണ് 10ാം ഓവറിന്റെ ആദ്യ പന്തില്‍ ശ്രേയസ്സ് ഗോപാല്‍ രോഹിത്തിനെ തെവാത്തിയയുടെ കൈകളിലെത്തിച്ചത്. 23 പന്തില്‍ നിന്ന് 35 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്.
3 സിക്സും മുംബൈ നായകന്‍ നേടി. രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 39 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. തൊട്ടടുത്ത പന്തില്‍ ഇഷാന്‍ കിഷനെയും ശ്രേയസ്സ് പുറത്താക്കിയപ്പോള്‍ 88/1 എന്ന നിലയില്‍ നിന്ന് 88/3 എന്ന നിലയിലേക്ക് മുംബൈ വീണു. പത്തോവര്‍ പിന്നിടുമ്പോള്‍ 90 റണ്‍സാണ് മുംബൈ നേടിയത്.
ഇഷാന്‍ പുറത്തായ ശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ ക്രുണാല്‍ പാണ്ഡ്യയ്ക്കും മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ 29 റണ്‍സ് കൂട്ടുകെട്ടിന് ശേഷം 12 റണ്‍സ് നേടിയ ക്രുണാല്‍ മടങ്ങുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്.
14 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 117/4 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. ഇതിനിടെ തന്റെ ഈ സീസണിലെ ആദ്യ അര്‍ദ്ധ ശതകം നേടി സൂര്യകുമാര്‍ യാദവ് മുംബൈയെ മുന്നോട്ട് നയിച്ചു. 33 പന്തില്‍ നിന്നാണ് താരം ഈ നേട്ടം നേടിയത്.
അവസാന മൂന്നോവറില്‍ സൂര്യകുമാര്‍-ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് 50 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 47 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 30 റണ്‍സ് നേടുകയായിരുന്നു.