അവസാന ഓവറിൽ 9 റൺസ് നേടാനാകാതെ പോയെങ്കിലും മത്സരം ടൈ ആക്കി സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് രാജസ്ഥാന്‍ റോയൽസ്. 189 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് പത്തോവറിന് ശേഷം കാലിടറിയെങ്കിലും മികച്ച ബാറ്റിംഗുമായി നിതീഷ് റാണ ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. എന്നാൽ താരം പുറത്തായ ശേഷം മിച്ചൽ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് നേടാനാകാതെ 8 റൺസ് മാത്രം നേടാനെ രാജസ്ഥാന് കഴിഞ്ഞുള്ളു.
അശുതോഷ് ശര്‍മ്മ സഞ്ജുവിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് മുതലാക്കി താരം മികച്ച സ്കോറിംഗ് നടത്തിയപ്പോള്‍ ജൈസ്വാളും റൺസ് കണ്ടെത്തി. പവര്‍പ്ലേയിലെ അവസാന ഓവറിൽ ഒരു ഫോറും സിക്സും നേടിയ സഞ്ജുവിന് പരിക്കേറ്റത് രാജസ്ഥാന് തിരിച്ചടിയായി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 63 റൺസാണ് രാജസ്ഥാന്‍ നേടിയത്. 19 പന്തിൽ 31 റൺസ് നേടിയാണ് സഞ്ജു റിട്ടേര്‍ഡ് ഹര്‍ട്ട് ആയത്.
പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ അക്സര്‍ പട്ടേൽ രണ്ട് റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ കുൽദീപ് എറിഞ്ഞ ഓവറിൽ പരാഗ് ബൗണ്ടറി നേടിയപ്പോള്‍ ജൈസ്വാള്‍ സിക്സോട് കൂടിയാണ് ഓവര്‍ അവസാനിപ്പിച്ചത്. എന്നാൽ തൊട്ടടുത്ത ഓവറിൽ അക്സര്‍ പട്ടേല്‍ റിയാന്‍ പരാഗിനെ ബൗള്‍ഡാക്കി രാജസ്ഥാന് തിരിച്ചടി നൽകി.
ജൈസ്വാളിന് കൂട്ടായി നിതീഷ് റാണ എത്തിയപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ 94 റൺസാണ് രാജസ്ഥാന്‍ നേടിയത്. പത്താം ഓവറിന് ശേഷം റൺസ് കണ്ടെത്താന്‍ രാജസ്ഥാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ജൈസ്വാളിനെ പുറത്താക്കി കുൽദീപ് കാര്യങ്ങള്‍ കൂടുതൽ പ്രയാസകരമാക്കി. 37 പന്തിൽ 51 റൺസാണ് ജൈസ്വാള്‍ നേടിയത്.
അവസാന 6 ഓവറിൽ 73 റൺസ് ആയിരുന്ന രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. അക്സര്‍ എറിഞ്ഞ 15ാം ഓവറിലെ ആദ്യ പന്തിൽ നിതീഷ് റാണയുടെ ക്യാച്ച് സ്റ്റബ്സ് കൈവിട്ടപ്പോള്‍ അത് സിക്സ് ആയി മാറി. ഓവറിൽ നിന്ന് രണ്ട് ബൗണ്ടറി കൂടി റാണ നേടിയപ്പോള്‍ 16 റൺസാണ് പിറന്നത്. ഇതോടെ അവസാന അഞ്ചോവറിലെ ലക്ഷ്യം 57 റൺസായി മാറി.
കുൽദീപ് എറിഞ്ഞ 16ാം ഓവറിൽ 13 റൺസ് വന്നപ്പോള്‍ മോഹിത് ശര്‍മ്മ എറിഞ്ഞ 17ാം ഓവറിലും 13 റൺസ് പിറന്നു. 26 പന്തിൽ 50 റൺസ് നേടി നിതീഷ് റാണ രാജസ്ഥാന്റെ സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി. അവസാന മൂന്നോവറിൽ 31 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.
എന്നാൽ തൊട്ടടുത്ത ഓവറിൽ നിതീഷ് റാണയെ വിക്കറ്റിന് മുന്നിൽ കുടുക്കി മിച്ചൽ സ്റ്റാര്‍ക്ക് ഡൽഹി പ്രതീക്ഷകള്‍ നിലനിര്‍ത്തി. 49 റൺസായിരുന്നു ജുറേലുമായി ചേര്‍ന്ന് റാണ നേടിയത്. 28 പന്തിൽ നിന്ന് മികച്ചൊരു അര്‍ദ്ധ ശതകമാണ് സമ്മര്‍ദ്ദത്തിനിടയിൽ റാണ നേടിയത്.
മിച്ചൽ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറിൽ ഒരു വലിയ ഷോട്ട് പോലും ഹെറ്റ്മ്യറിനോ ജുറേലിനോ നേടാനാകാതെ പോയപ്പോള്‍ രാജസ്ഥാന്റെ ഇന്നിംഗ്സ് 188/4 എന്ന നിലയിൽ അവസാനിച്ചു. ജുറേൽ 17 പന്തിൽ 26 റൺസും ഹെറ്റ്മ്യര്‍ 9 പന്തിൽ 15 റൺസും ആണ് നേടിയത്.