കളി മറന്ന് ക്യാപിറ്റല്‍സ്, ഡല്‍ഹിയ്ക്ക് കനത്ത തോല്‍വി

Sports Correspondent

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ 219 റണ്‍സ് തേടിയിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തോല്‍വി. 131 റണ്‍സ് മാത്രം ടീം നേടിയപ്പോള്‍ മത്സരത്തില്‍ 88 റണ്‍സ് തോല്‍വിയാണ് ഒരു ഘട്ടത്തില്‍ ടൂര്‍ണ്ണമെന്റിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹിയേറ്റ് വാങ്ങിയത്. 19 ഓവറില്‍ ഡല്‍ഹി ഓള്‍ഔട്ട് ആകുകയായിരുന്നു.

36 റണ്‍സ് നേടിയ ഋഷഭ് പന്ത് ആണ് ഡല്‍ഹി നിരയിലെ ടോപ് സ്കോറര്‍. തുടക്കത്തില്‍ തന്നെ ധവാനെ നഷ്ടമായ ഡല്‍ഹി പിന്നീട് ബാറ്റിംഗ് ഓര്‍ഡറില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ചേസിംഗിനെ സമീപിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസ്(5), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(16), അജിങ്ക്യ രഹാനെ(26) എന്നിവരെ കൃത്യമായ ഇടവേളകളില്‍ മടക്കിയയച്ച് സണ്‍റൈസേഴ്സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

55/4 എന്ന നിലയിലേക്ക് വീണ ‍ഡല്‍ഹി പിന്നെ മത്സരത്തില്‍ യാതൊരു തരത്തിലുള്ള പ്രതീക്ഷയും ആരാധകര്‍ക്ക് നല്‍കിയില്ല. തന്റെ നാലോവറില്‍ വെറും 7 റണ്‍സ് വിട്ട് നല്‍കിയ റഷീദ് ഖാന്‍ ആണ് ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണ്ണമാക്കിയത്.