മാക്സിയുടെ റണ്ണൗട്ടിന് ശേഷം ആര്‍സിബിയുടെ വീഴ്ച, സൺറൈസേഴ്സിന് നാല് റൺസ് ജയം

Sports Correspondent

സൺറൈസേഴ്സ് ഹൈദ്രാബാദ് നല്‍കിയ 142 റൺസ് ലക്ഷ്യം നേടുവാന്‍ സാധിക്കാതെ ആര്‍സിബി. ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തിൽ 12 റൺസ് വേണ്ടപ്പോള്‍ ഭുവനേശ്വര്‍ കുമാറിനെതിരെ ഒരു സിക്സ് മാത്രമാണ് എബിഡി നേടിയത്. ഇതോടെ 4 റൺസിന്റെ വിജയം നേടുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. വിജയം നേടാനാകാതെ പോയതോടെ പ്ലേ ഓഫ് ഉറപ്പാക്കിയെങ്കിലും ആദ്യ രണ്ട് സ്ഥാനത്തിലേക്കെത്തുവാന്‍ ആര്‍സിബിയ്ക്കായില്ല.

6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് ആര്‍സിബി നേടിയത്. 13 പന്തിൽ 19 റൺസുമായി എബി ഡി വില്ലിയേഴ്സ് പുറത്താകാതെ നിന്നുവെങ്കിലും ടീമിന്റെ വിജയം ഉറപ്പാക്കുവാന്‍ താരത്തിനായില്ല.

38/3 എന്ന നിലയിലേക്ക് വീണ ആര്‍സിബിയെ ഗ്ലെന്‍ മാക്സ്വെല്ലും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് 54 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. ഈ കൂട്ടുകെട്ട് ആര്‍സിബിയെ വിജയത്തിലേക്ക് അനായാസം നയിക്കുമെന്ന നിമിഷത്തിലാണ് മാക്സ്വെൽ പുറത്തായത്.
25 പന്തിൽ 40 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ റണ്ണൗട്ട് ആയതോടെ സൺറൈസേഴ്സ് മത്സരത്തിൽ സാധ്യത കാണുകയായിരുന്നു.

അവസാന നാലോവറിൽ 38 റൺസാണ് ആര്‍സിബി നേടേണ്ടിയിരുന്നത്. റഷീദ് ഖാന്‍ എറി‍ഞ്ഞ 17ാം ഓവറിൽ 41 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിനെ റോയൽ ചലഞ്ചേഴ്സിന് നഷ്ടമായി. തന്റെ ഇന്നിംഗ്സില്‍ ഒരു ഘട്ടത്തിലും വേഗത്തിൽ റൺസ് കണ്ടെത്താന്‍ സാധിക്കാതെ പോയ പടിക്കൽ 51 പന്തുകളാണ് തന്റെ ഇന്നിംഗ്സിൽ നേരിട്ടത്. ഓവറിലെ അവസാന പന്തിൽ എബിഡി ബൗണ്ടറി നേടിയപ്പോള്‍ ലക്ഷ്യം 18 പന്തിൽ 29 റൺസായി മാറി.

അവസാന രണ്ടോവറിൽ 18 റൺസ് വേണ്ട ഘട്ടത്തിൽ ഷഹ്ബാസ് അഹമ്മദിന്റെ ക്യാച്ച് ഭുവി കൈവിട്ടുവെങ്കിലും അതേ ഓവറിൽ തന്നെ താരത്തെ ജേസൺ ഹോള്‍ഡര്‍ പുറത്താക്കി. 9 പന്തിൽ 14 റൺസ് നേടി നിര്‍ണ്ണായക ഇന്നിംഗ്സാണ് ഷഹ്ബാസ് നേടിയത്.

അഞ്ച് റൺസ് മാത്രം ജേസൺ ഹോള്‍ഡര്‍ വിട്ട് നല്‍കിയപ്പോള്‍ അവസാന ഓവറിൽ ആര്‍സിബിയ്ക്ക് 13 റൺസ് നേടേണ്ടതായി വന്നു.