ജേസൺ ഹോള്‍ഡറുടെ വെല്ലുവിളിയെ അതിജീവിച്ച് 5 റൺസ് വിജയം നേടി പഞ്ചാബ് കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ 126 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സൺറൈസേഴ്സിനെ മുഹമ്മദ് ഷമിയും രവി ബിഷ്ണോയിയും ചേര്‍ന്ന് വരിഞ്ഞു കെട്ടിയ ശേഷം ജേസൺ ഹോള്‍ഡര്‍ ഓറഞ്ച് പടയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും . 7 വിക്കറ്റ് നഷ്ടത്തിൽ 120 റൺസേ സൺറൈസേഴ്സിന് നേടാനായുള്ളു. തോല്‍വിയോട് സൺറൈസേഴ്സ് പ്ലേ ഓഫിൽ നിന്ന് പുറത്തായി.
സാഹയും ഹോള്‍ഡറും ചേര്‍ന്ന് ആറാം വിക്കറ്റിൽ 32 റൺസ് നേടി 60/5 എന്ന നിലയിൽ നിന്ന് 92/5 എന്ന നിലയിലേക്ക് സൺറൈസേഴ്സിനെ എത്തിച്ചുവെങ്കിലും റണ്ണൗട്ടായി സാഹ മടങ്ങുകയായിരുന്നു. 31 റൺസാണ് സാഹ നേടിയത്.
ജേസൺ ഹോള്‍ഡര്‍ തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്ന് ലക്ഷ്യം 12 പന്തിൽ 21 ആക്കി മാറ്റിയെങ്കിലും 19ാം ഓവറിന്റെ അവസാന പന്തിൽ റഷീദ് ഖാനെ അര്‍ഷ്ദീപ് മടക്കി. അര്‍ഷ്ദീപ് എറിഞ്ഞ ഓവറിൽ സൺറൈസേഴ്സിന് നേടാനായത് വെറും 4 റൺസാണ്. ഇതോടെ സൺറൈേഴ്സിന് അവസാന ഓവറിൽ ജയത്തിനായി 17 റൺസ് നേടണം എന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
അവസാന ഓവറിലെറിഞ്ഞ നഥാന്‍ എല്ലിസിനെ രണ്ടാം പന്തിൽ സിക്സര്‍ പറത്തി ലക്ഷ്യം 4 പന്തിൽ 10 ആക്കി മാറ്റിയെങ്കിലും പിന്നീടുള്ള പന്തുകളിൽ വലിയ ഷോട്ടുകള്‍ പിറക്കാതിരുന്നപ്പോള്‍ ലക്ഷ്യം അവസാന പന്തിൽ 7 റൺസായി മാറി. ആ ബോളിൽ സിംഗിള്‍ മാത്രം നേടാന്‍ ഹോള്‍ഡര്‍ക്ക് സാധിച്ചുള്ളു.
പഞ്ചാബിന് വേണ്ടി രവി ബിഷ്ണോയി മൂന്നും മുഹമ്മദ് ഷമി നാലും വിക്കറ്റ് നേടിയാണ് സൺറൈസേഴ്സ് ടോപ് ഓര്‍ഡറിന്റെ നടുവൊടിച്ചത്. ഹോള്‍ഡര്‍ 29 പന്തിൽ പുറത്താകാതെ 47 റൺസ് നേടിയെങ്കിലും അന്തിമ കടമ്പ കടത്തുവാന്‍ താരത്തിന് സാധിച്ചില്ല.