ആദ്യം ബാറ്റ് ചെയ്ത് റൺ അടിച്ച് കൂട്ടുന്ന സൺറൈസേഴ്സ് ഹൈദ്രാബാദിന് ചേസിംഗിൽ വീണ്ടും മുട്ടിടിച്ചു. ഇന്ന് ചെന്നൈയ്ക്കെതിരെ 213 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൺറൈസേഴ്സിന് 137 റൺസ് മാത്രമേ നേടാനായുള്ളു. 18.5 ഓവറിൽ സൺറൈസേഴ്സ് പുറത്തായപ്പോള്‍ 78 റൺസിന്റെ വിജയം ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്.
അതിവേഗത്തിലാണ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ തുടങ്ങിയതെങ്കിലും ട്രാവിസ് ഹെഡിനെയും(13) അന്മോൽപ്രീത് സിംഗിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി തുഷാര്‍ ദേശ്പാണ്ടേ ആണ് ചെന്നൈയ്ക്ക് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്. 15 റൺസ് നേടിയ അഭിഷേക് ശര്‍മ്മയെയും തുഷാര്‍ ദേശ്പാണ്ടേ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 40/3 എന്ന നിലയിലായി. 32 റൺസ് മാര്‍ക്രം -നിതീഷ് റെഡ്ഡി കൂട്ടുകെട്ട് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ റെഡ്ഡിയെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു. പത്തോവര്‍ പിന്നിട്ടപ്പോള്‍ 78/4 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്.
32 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രവും പുറത്തായതോടെ ചെന്നൈ മത്സരത്തിൽ പിടിമുറുക്കി. സൺറൈസേഴ്സ് 85/5 എന്ന നിലയിൽ പ്രതിരോധത്തിലായെങ്കിലും ടീമിന്റെ പ്രതീക്ഷയായി ഹെയിന്‍റിച്ച് ക്ലാസ്സന്‍ ക്രീസിലുണ്ടായിരുന്നു. മാര്‍ക്രത്തിനെ മതീഷ പതിരാനയാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്.
ക്ലാസ്സനും അബ്ദുള്‍ സമദും ചേര്‍ന്ന് സൺറൈസേഴ്സ് സ്കോര്‍ നൂറ് കടത്തിയെങ്കിലും സ്കോറിംഗ് വേഗത കൂട്ടാനാകാതെ പോയപ്പോള്‍ അവസാന ആറോവറിൽ ടീം 107 റൺസായിരുന്നു നേടേണ്ടിയിരുന്നത്. പവര്‍പ്ലേയ്ക്ക് ശേഷം 15ാം ഓവര്‍ അവസാനിക്കുന്നത് വരെ വെറും 2 ബൗണ്ടറികള്‍ മാത്രം വിട്ട് നൽകി ചെന്നൈ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ അവസാന അഞ്ചോവറിൽ 104 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.
16ാം ഓവറിൽ മതീഷ പതിരാനയെ അബ്ദുള്‍ സമദ് സിക്സര്‍ പറത്തിയെങ്കിലും അതേ ഓവറിൽ 20 റൺസ് നേടിയ ക്ലാസ്സനെ പുറത്താക്കി പതിരാന തന്റെ രണ്ടാം വിക്കറ്റ് നേടി. അടുത്ത ഓവറിൽ 19 റൺസ് നേടിയ അബ്ദുള്‍ സമദിനെ താക്കൂര്‍ പുറത്താക്കിയപ്പോള്‍ ദേശ്പാണ്ടേ അടുത്ത ഓവറിൽ കമ്മിന്‍സിനെ മടക്കിയയ്ച്ചു. മുസ്തഫിസുര്‍ ഷഹ്ബാസ് അഹമ്മദിനെയും ജയ്ദേവ് ഉനഡ്കടിനെയും പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 18.5 ഓവറിൽ 134 റൺസിന് പുറത്തായി.