മികച്ച പവര്‍പ്ലേയ്ക്ക് ശേഷം ആര്‍സിബിയുടെ കാലിടറിയപ്പോള്‍ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെതുകയെന്ന ടീമിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഇന്ന് ആര്‍സിബിയെ സൺറൈസേഴ്സ് 42 റൺസിനാണ് പരാജയപ്പെടുത്തിയത്. 231/6 എന്ന വലിയ സ്കോര്‍ ആര്‍സിബിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് 189 റൺസേ നേടാനായുള്ളു. 19.5 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 72 റൺസാണ് ആര്‍സിബി നേടിയത്. ഫിൽ സാള്‍ട്ട് കരുതലോടെ ബാറ്റ് വീശിയപ്പോള്‍ വിരാട് കോഹ്‍ലി മികച്ച രീതിയിൽ റൺസ് കണ്ടെത്തി ആര്‍സിബിയെ മുന്നോട്ട് നയിച്ചു.
എന്നാൽ പവര്‍പ്ലേ കഴിഞ്ഞുള്ള ആദ്യ ഓവറിൽ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നഷ്ടമായത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി. 25 പന്തിൽ 43 റൺസ് നേടിയ കോഹ്‍ലിയെ ഹര്‍ഷ് ദുബേ പുറത്താക്കുമ്പോള്‍ ഈ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 80 റൺസാണ് 7 ഓവറിൽ നേടിയത്.
ഫിൽ സാള്‍ട്ട് വേഗത്തിൽ സ്കോറിംഗ് തുടങ്ങിയതോടെ 9ാം ഓവറിൽ ആര്‍സിബിയുടെ സ്കോര്‍ 100 കടന്നു. 27 പന്തിൽ സാള്‍ട്ട് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 118 റൺസാണ് 10 ഓവര്‍ പിന്നിടുമ്പോള്‍ ആര്‍സിബി സ്കോര്‍ ചെയ്തത്.
40 റൺസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഫിൽ സാള്‍ട്ടും മയാംഗ് അഗര്‍വാളും ചേര്‍ന്ന് നേടിയത്. 11 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെ നിതീഷ് റെഡ്ഢിയാണ് പുറത്താക്കിയത്. ഫിൽ സാള്‍ട്ടിനെ തൊട്ടടുത്ത ഓവറിൽ നഷ്ടമായതോടെ ആര്‍സിബി 129/3 എന്ന നിലയിലായി. 32 പന്തിൽ 62 റൺസാണ് ഫിൽ സാള്‍ട്ട് നേടിയത്.
ജിതേഷ് ശര്‍മ്മയും രജത് പടിദാറും നാലാം വിക്കറ്റിൽ ഒത്തുകൂടി ആര്‍സിബിയെ മുന്നോട്ട് നയിച്ചപ്പോള്‍ അവസാന അഞ്ചോവറിൽ ടീമിന്റെ ലക്ഷ്യം 65 റൺസായി മാറി. 44 റൺസിന്റെ ഈ കൂട്ടുകെട്ട് രജത് പടിദാര്‍ റണ്ണൗട്ട് ആയതോടെയാണ് അവസാനിച്ചത്.
പടിദാര്‍ 18 റൺസ് നേടി പുറത്തായപ്പോള്‍ അതേ ഓവറിൽ താന്‍ നേരിട്ട ആദ്യ പന്തിൽ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്തായി. തൊട്ടടുത്ത ഓവറിൽ 24 റൺസ് നേടിയ ജിതേഷ് ശര്‍മ്മയും പുറത്തായതോടെ ആര്‍സിബിയുടെ പതനം പൂര്‍ത്തിയായി.
സൺറൈസേഴ്സിനായി പാറ്റ് കമ്മിന്‍സ് നാലും ഇഷാന്‍ മലിംഗ 2 വിക്കറ്റും നേടി.