വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട സൺറൈസേഴ്സിനെ 190 റൺസിൽ ഒതുക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ലക്നൗവിനെതിരെ തുടക്കം പാളിയെങ്കിലും ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 190/9 എന്ന സ്കോറിലേക്ക് സൺറൈസേഴ്സ് എത്തുകയായിരുന്നു. ശര്‍ദ്ധുൽ താക്കൂര്‍ നാല് വിക്കറ്റ് നേടി ലക്നൗ നിരയിൽ തിളങ്ങി.
അപകടകാരികളായ അഭിഷേക് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും ശര്‍ദ്ധുൽ താക്കുര്‍ പുറത്താക്കിയപ്പോള്‍ 15/2 എന്ന നിലയിലേക്ക് സൺറൈസേഴ്സിന് വീണു. അവിടെ നിന്ന് ട്രാവിസ് ഹെഡ് – നിതീഷ് റെഡ്ഡി കൂട്ടുകട്ടാണ് 61 റൺസ്നേടി സൺറൈസേഴ്സിനെ മത്സരത്തിലേക്ക് തിരികെ വന്നത്. ട്രാവിസ് ഹെഡ് 28 പന്തിൽ 47 റൺസ് നേടിയപ്പോള്‍ പ്രിന്‍സ് യാദവ് താരത്തിനെ പുറത്താക്കി.
ഹെയിന്‍റിച്ച് ക്ലാസ്സന്‍ 17 പന്തിൽ 26 റൺസ് നേടി നിര്‍ഭാഗ്യകരമായ രീതിയിൽ റണ്ണൗട്ട് ആകുകയായിരുന്നു. 32 റൺസ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റ് രവി ബിഷ്ണോയി വീഴ്ത്തിയപ്പോള്‍ സൺറൈസേഴ്സ് 128/5 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് അനികേത് വര്‍മ്മ 13 പന്തിൽ 36 റൺസും പാറ്റ് കമ്മിന്‍സ് നാല് പന്തിൽ 18 റൺസും നേടി സൺറൈസേഴ്സിന്റെ സ്കോറിംഗിന് വേഗത കൂട്ടി.