ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ 184 റൺസ് നേടി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിരയിൽ അര്‍ദ്ധ ശതകവുമായി സൂര്യകുമാര്‍ യാദവ് മാത്രമാണ് തിളങ്ങിയത്. റയാന്‍ റിക്കൽട്ടൺ, രോഹിത് ശര്‍മ്മ, വിൽ ജാക്സ്, ഹാര്‍ദ്ദിക് പാണ്ഡ്യ, നമന്‍ ധിര്‍ എന്നിവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയത് മുംബൈയുടെ സ്കോര്‍ 184 റൺസിലൊതുക്കി.
റിക്കൽട്ടണും (27) രോഹിത്തും (24) ഒന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും വേഗത്തിലുള്ള സ്കോറിംഗ് സാധ്യമായില്ല. രോഹിത്തും സ്കൈയും ചേര്‍ന്ന് 36 റൺസ് കൂടി നേടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി പഞ്ചാബ് സമ്മര്‍ദ്ദം സൃഷ്ടിച്ചു.
വിൽ ജാക്സ് 8 പന്തിൽ 17 റൺസ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 15 പന്തിൽ 26 റൺസും നമന്‍ ധിര്‍ 12 പന്തിൽ 20 റൺസും നേടി പുറത്തായി. ഇന്നിംഗ്സിലെ അവസാന പന്തിൽ 39 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാര്‍ യാദവും പുറത്തായപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് മുംബൈ നേടിയത്.
പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗ്, മാര്‍ക്കോ ജാന്‍സന്‍, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.