ടോപ് ഓര്‍ഡറിൽ പ്രിയാന്‍ഷ് ആര്യയും ശ്രേയസ്സ് അയ്യരും കസറിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നും ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് കിംഗ്സ്. ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് പഞ്ചാബ് നേടിയത്. 9 സിക്സുകള്‍ ഉള്‍പ്പെടെ 42 പന്തിൽ നിന്ന് താരം 97 റൺസ് നേടിയപ്പോള്‍ പഞ്ചാബ് ജേഴ്സിയൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികവ് പുലര്‍ത്താന്‍ ശ്രേയസ്സിനായി.
തന്റെ അരങ്ങേറ്റ ഐപിഎൽ മത്സരത്തിൽ ഫിഫ്റ്റി നഷ്ടമായെങ്കിലും പ്രിയാന്‍ഷ് ആര്യ ആരാധകരുടെ മനംകവര്‍ന്ന ബാറ്റിംഗ് പ്രകടനം ആണ് കാഴ്ചവെച്ചത്. 23 പന്തിൽ നിന്ന് 47 റൺസാണ് താരം നേടിയത്.
പ്രഭ്സിമ്രാന്‍ സിംഗിനെ നഷ്ടമായ ശേഷം പ്രിയാന്‍ഷ് – ശ്രേയസ്സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 51 റൺസാണ് കൂട്ടിചേര്‍ത്തത്. പ്രിയാന്‍ഷിനെ റഷീദ് ഖാന്‍ പുറത്താക്കിയ ശേഷം അസ്മത്തുള്ള ഒമര്‍സായി (16), ഗ്ലെന്‍ മാക്സ്വെൽ (0), മാര്‍ക്കസ് സ്റ്റോയിനിസ് (20) എന്നിവരെ സായി കിഷോര്‍ പുറത്താക്കിയെങ്കിലും ഒരു വശത്ത് ശ്രേയസ്സ് അയ്യര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
18ാം ഓവറിൽ റഷീദ് ഖാനെതിരെ 20 റൺസ് ശശാങ്ക് നേടിയപ്പോള്‍ ശശാങ്ക് രണ്ട് സിക്സും ഒരു ഫോറും നേടി. 16 പന്തിൽ 44 റൺസുമായി ശശാങ്കും നിറഞ്ഞാടിയപ്പോള്‍ തന്റെ ഐപിഎൽ ശതകം നേടുവാനുള്ള അവസരം ശ്രേയസ്സിന് നഷ്ടമായി. അവസാന ഓവറിൽ താരത്തിന് ഒരു പന്ത് പോലും സ്ട്രൈക്ക് ലഭിച്ചില്ലെങ്കിലും 5 ബൗണ്ടറി ഉള്‍പ്പെടെ 23 റൺസാണ് അവസാന ഓവറിൽ പിറന്നത്. 28 പന്തിൽ നിന്ന് 81 റൺസാണ് ആറാം വിക്കറ്റിൽ ശ്രേയസ്സ് – ശശാങ്ക് കൂട്ടുകെട്ട് നേടിയത്.
16 സിക്സുകളാണ് ഈ ഇന്നിംഗ്സിൽ പഞ്ചാബ് നേടിയത്.