മാർക്വീ താരങ്ങളിൽ ശ്രേയസ് അയ്യർ ഏറ്റവും വില കൂടിയ താരം, അശ്വിന് ഏറ്റവും വില കുറവ്

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ഓക്ഷനിൽ 2 കോടി അടിസ്ഥാന വിലയുള്ള മാർക്വീ താരങ്ങളിൽ ഏറ്റവും വിലകൂടിയ താരമായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ക്യാപ്റ്റൻ ആയി കൂടി പരിഗണിക്കുന്ന താരത്തിന് ആയി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 12 കോടി 25 ലക്ഷം ആണ് മുടക്കിയത്. പേസ് ബോളർമാരായ മാർക്വീ താരങ്ങൾക്ക് ആയി ടീമുകൾ കൂടുതൽ രംഗത്ത് വന്നതും കാണാനായി. ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ റബാഡയെ 9.25 കോടിക്ക് ആണ് പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ പാളയത്തിൽ എത്തിച്ചത്. 8 കോടിയാണ് ന്യൂസിലാന്റ് പേസ് ബോളർ ട്രെന്റ് ബോൾട്ടിനു ആയി രാജസ്ഥാൻ റോയൽസ് മുടക്കിയത്. ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയായ പേസ് ബോളർ പാറ്റ് കമ്മിന്‍സിനെ 7 കോടി 25 ലക്ഷം നൽകിയാണ് കൊൽക്കത്ത തങ്ങളുടെ ടീമിൽ നിലനിർത്തിയത്.
Ravichandranashwin

അതേസമയം ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി ഗുജറാത്ത് ടൈറ്റൻസിൽ എത്തിയത് 6 കോടി 25 ലക്ഷം രൂപയ്ക്ക് ആയിരുന്നു. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പറും മുൻ മുംബൈ താരവും ആയ ക്വിന്റൺ ഡി കോക്കിനെ 6.75 കോടിക്ക് ആണ് ലക്നൗ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ പണം കയ്യിലുള്ള പഞ്ചാബ് കിംഗ്‌സ് വലിയ അനുഭവ സമ്പത്തുള്ള ഇന്ത്യൻ ബാറ്റർ ശിഖര്‍ ധവാനെ 8.25 കോടി രൂപയ്ക്ക് ആണ് ടീമിൽ എത്തിച്ചത്. വലിയ അനുഭവ സമ്പത്തുള്ള ഓസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർക്ക് ആയി ഡൽഹിക്ക് 6 കോടി 25 ലക്ഷം മാത്രം ആണ് മുടക്കേണ്ടി വന്നത്. ഡൽഹിക്ക് വലിയ നേട്ടം ആയേക്കും ഈ നീക്കം. അതേസമയം ഇന്ത്യൻ സ്പിൻ ബോളർ രവിചന്ദ്രൻ അശ്വിനെ തങ്ങളുടെ സ്പിൻ ആക്രമണം നയിക്കാൻ 5 കോടിക്ക് ആണ് സഞ്ചു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്‌. മാർക്വീ താരങ്ങളിൽ ഏറ്റവും കുറവ് വില അശ്വിനു ആയാണ് ടീമുകൾ മുടക്കിയത്.