ക്യാച്ചുകള്‍ കൈവിട്ട് ചെന്നൈ പഞ്ചാബിനെ സഹായിച്ചു, ശിഖറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 187 റൺസ്

ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച സ്കോര്‍ നേടി പഞ്ചാബ് കിംഗ്സ്. ധവാന്‍ പുറത്താകാതെ നേടിയ  88 റൺസിന്റെ ബലത്തിൽ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. 9 ഫോറും 2 സിക്സും അടങ്ങിയതായിരുന്നു ധവാന്റെ ഇന്നിംഗ്സ്.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാളിനെ(18) നഷ്ടമാകുമ്പോള്‍ പവര്‍പ്ലേ അവസാനിക്കുവാന്‍ ഒരു പന്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്കോര്‍ ബോര്‍ഡിൽ 37 റൺസും.

അവിടെ നിന്ന് ശിഖര്‍ ധവാന്‍ – ഭാനുക രാജപക്സ കൂട്ടുകെട്ട 71 പന്തിൽ 110 റൺസുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ ഇരു താരങ്ങളും കരുതലോടെയാണ് ബാറ്റ് വീശിയത്.

18ാം ഓവറിലെ രണ്ടാം പന്തിൽ 42 റൺസ് നേടിയ ഭാനുകയെ ഡ്വെയിന്‍ ബ്രാവോ പുറത്താക്കിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ഭാനുക രാജപക്സയുടെ ക്യാച്ചുകള്‍ റുതുരാജ് ഗായക്വാഡും മിച്ചൽ സാന്റനറും കൈവിട്ടത് താരം മുതലാക്കിയാണ് സ്കോറിംഗ് നടത്തിയത്.

ഡ്വെയിന്‍ പ്രിട്ടോറിയസ് എറിഞ്ഞ 19ാം ഓവറിൽ ലിയാം ലിവിംഗ്സ്റ്റൺ 2 സിക്സും ഒരു ഫോറും നേടിയപ്പോള്‍ ധവാന്‍ ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ഓവറിൽ നിന്ന് 22 റൺസാണ് പിറന്നത്. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ ബ്രാവോ ലിയാം ലിവിംഗ്സ്റ്റണിനെ പുറത്താക്കിയപ്പോള്‍ താരം 7 പന്തിൽ 19 റൺസാണ് നേടിയത്.

 

 

Exit mobile version