പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നു‍, മലയാളി താരത്തിന് പിന്തുണയുമായി തരൂർ

Jyotish

പതിനാല് വയസുകാരനായ സഞ്ജുവിനോട് അടുത്ത ധോണി ആകുമെന്ന് പറഞ്ഞിരുന്നതായി ശശി തരൂർ. ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസിന്റെ ഐതിഹാസികമായ ജയത്തിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ രംഗത്ത് വന്നത്. ആദ്യ ഐപിഎൽ മത്സരത്തിൽ 74 റൺസ് എടുത്ത സഞ്ജു ഇന്നലെ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ 224 റൺസിന്റെ ചേസ് ഡൗണിൽ 85 റൺസെടുത്താണ് റോയൽസിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്.

സഞ്ജുവിന്റേം അവസാന ഓവറുകളിലെ തേവടിയയുടേ വെടിക്കെട്ടിന്റെയും പിൻബലത്തിൽ രാജസ്ഥാൻ റോയൽസ് മൂന്ന് പന്ത് ബാക്കി നിൽക്കേ ജയം കണ്ടെത്തി. 42 പന്തിൽ 7 സിക്സറുകളും 4 ഫോറുകളും അടിച്ചാണ് സഞ്ജു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കെട്ടിപ്പെടുത്തത്. മാൻ ഓഫ് ദ് മാച്ചും സഞ്ജുവായിരുന്നു. 14ആം വയസിൽ തന്നെ സഞ്ജുവിന്റെ പ്രതിഭ താൻ തിരിച്ചറിഞ്ഞുവെന്നും അന്ന് തന്നെ അടുത്ത ധോണിയാകും സഞ്ജു ഒരു നാൾ എന്ന് പറഞ്ഞിരുന്നതായും തരൂർ ഓർമ്മിച്ചു. ഈ രണ്ട് ഇന്നിംഗ്സുകളിലൂടെ ഒരു വേൾഡ് ക്ലാസ് പ്ലേയർ പിറന്നതായും തരൂർ കൂട്ടിച്ചേർത്തു.