Amankhan

ഷമിയുടെ സ്പെല്ലിൽ തകര്‍ന്ന ഡൽഹിയെ 130 റൺസിലേക്ക് എത്തിച്ച് അമന്‍ ഹകീം ഖാന്റെ അര്‍ദ്ധ ശതകം

മൊഹമ്മദ് ഷമിയുടെ തീപാറും ഓപ്പണിംഗ് സ്പെല്ലിൽ 23/5 എന്ന നിലയിലേക്ക് വീണ ഡൽഹിയുടെ തിരിച്ചുവരവ്. 130/8 എന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ച് ഡൽഹിയുടെ വാലറ്റം ചെറുത്ത്നിൽക്കുകയായിരുന്നു. 51 റൺസ് നേടിയ അമന്‍ ഹകീം ഖാന്‍, 27 റൺസ് നേടിയ അക്സര്‍ പട്ടേൽ എന്നിവര്‍ക്കൊപ്പം 13 പന്തിൽ 23 റൺസ് നേടി റിപൽ പട്ടേൽ എന്നിവരാണ് ഡൽഹിയ്ക്കായി പൊരുതിയത്.

മൊഹമ്മദ് ഷമിയുടെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ന്ന ഡൽഹി 23/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ ഫിലിപ്പ് സാള്‍ട്ടിനെ പുരത്താക്കിയ ഷമി റൈലി റൂസ്സോയെ തന്റെ രണ്ടാം ഓവറിൽ പുറത്താക്കി. പിന്നീട് ഒരേ ഓവറിൽ മനീഷ് പാണ്ടേയെയും പ്രിയം ഗാര്‍ഗിനെയും പുറത്താക്കി ഷമി ഡൽഹിയെ തകര്‍ത്തെറിഞ്ഞു.

ആറാം വിക്കറ്റിൽ 50 റൺസ് നേടിയ അക്സര്‍ പട്ടേൽ – അമന്‍ ഹകീം ഖാന്‍ കൂട്ടുകെട്ടാണ് വലിയ തകര്‍ച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്. 27 റൺസ് നേടിയ അക്സര്‍ പട്ടേലിനെ മോഹിത് ശര്‍മ്മ പുറത്താക്കിയപ്പോള്‍ അമനും റിപൽ പട്ടേലും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 53 റൺസ് കൂടി നേടി. അമനെ പുറത്താക്കി റഷീദ് ഖാന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

റിപൽ പട്ടേലിന്റെ വിക്കറ്റ് മോഹിത് ശര്‍മ്മ നേടി. ഷമി നാലും മോഹിത് രണ്ടും വിക്കറ്റാണ് ഗുജറാത്തിനായി നേടിയത്.

Exit mobile version