ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസൺ താൻ ഈ സീസണിൽ പുതിയ റോൾ ആണ് ബാറ്റിങിൽ വഹിക്കുന്നത് എന്ന് പറഞ്ഞു. ഇന്ന് കരുതലോടെ കളിച്ച സഞ്ജു സാംസൺ 52 പന്തുകൾ പിടിച്ച് 82 റൺസ് എടുത്തിരുന്നു. രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസൺ കളിയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ഇന്ന് സ്വന്തമാക്കി.

നല്ല ഇന്നിങ്സ് കളിക്കുന്നത് സന്തോഷമാണെന്നും അത് ടീം വിജയിക്കുമ്പോൾ ഇരട്ടി സന്തോഷം നൽകുന്നു എന്നും സഞ്ജു സാംസൺ പറഞ്ഞു. ഈ സീസണിൽ താൻ വ്യത്യസ്ത റോൾ ആണ് കളിക്കുന്നത്. സംഗക്കാര തനിക്ക് ചില ഉപദേശങ്ങൾ തന്നിട്ടുണ്ട്. അത് അനുസരിച്ച് ആകും കളിക്കുക. കൂടുതൽ സമയം ക്രീസിൽ നിന്ന് മറ്റുള്ളവരെ ആക്രമിക്കാൻ വിടുക ആകും തന്റെ റോൾ. സഞ്ജു സാംസൺ പറഞ്ഞു.
തന്റെ പത്താം ഐ പി എൽ സീസണാണ് ഇത്. തന്റെ പരിചയസമ്പത്ത് ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ട് പിച്ചിൽ കൂടുതൽ സമയം ചിലവഴിക്കണം. സഞ്ജു പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചത് തനിക്ക് ഇതുപോലുള്ള ഇന്നിംഗ്സുകൾ കളിക്കാൻ സഹായകമാകുന്നുണ്ട് എന്നും സഞ്ജു സാംസൺ പറഞ്ഞു.














