ക്യാപ്റ്റനായി ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറിയുമായി സഞ്ജു സാംസൺ

Staff Reporter

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയാണ് സഞ്ജു സാംസൺ സെഞ്ച്വറി നേടിയത്. 63 പന്തിൽ നിന്ന് 119 റൺസാണ് സഞ്ജു സാംസൺ നേടിയത്. 7 സിക്സുകളും 12 ബൗണ്ടറികളും നിറഞ്ഞതായിരുന്നു സഞ്ജു സാംസന്റെ ഇന്നിംഗ്സ്.

എന്നാൽ മത്സരത്തിൽ സെഞ്ച്വറി നേടിയെങ്കിലും രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിക്കാൻ സഞ്ജു സാംസണ് ആയില്ല. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ 4 റൺസിന് പഞ്ചാബ് കിങ്‌സ് രാജസ്ഥാൻ റോയൽസിനെ പരാജയപെടുത്തുകയായിരുന്നു. മത്സരത്തിൽ അവസാന പന്തിൽ അർശദ്വീപ് സിങ്ങിന് വിക്കറ്റ് നൽകിയാണ് സഞ്ജു മടങ്ങിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 6 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എടുക്കാൻ മാത്രമാണ് കഴിഞ്ഞത്.