ഇന്ന് അഹമ്മദാബാദിൽ നടക്കുന്ന അവസാന പ്ലേ ഓഫിൽ ഫാഫിന്റെ ആർസിബിയെ സഞ്ജുവിന്റെ രാജസ്ഥാൻ നേരിടുന്നു. ആദ്യ പ്ലേ ഓഫിൽ ഗുജറാത്തിനോട് തോറ്റിരുന്നെങ്കിലും, പോയിന്റ് പട്ടികയിൽ രണ്ടാമത് വന്നത് കൊണ്ടു രാജസ്ഥാന് ഒരു അവസരം കൂടി കിട്ടിയിരിക്കുകയാണ്.
ഫൈനലിൽ നേരത്തെ കയറിയ ഹാർദിക്, ഇനി അവസരമുള്ള സഞ്ജു, ഫാഫ് എന്നിവരിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ക്യാപ്റ്റൻ സഞ്ജു തന്നെ. അതിനാൽ രാജസ്ഥാൻ ജയിക്കണം എന്ന പ്രാർത്ഥനയാണ് കൂടുതൽ. കഴിഞ്ഞ ദിവസം പറഞ്ഞ പോലെ, കളിയുടെ കാര്യത്തിലും കളിക്കാരുടെ കാര്യത്തിലും ആർസിബിയും രാജസ്ഥാനും ഒപ്പത്തിനൊപ്പമാണ്. പേര് കൊണ്ടും പെർഫോമൻസ് കൊണ്ടും കളിക്കാരെല്ലാം തന്നെ ഈ സീസണിൽ വരവറിയിച്ചവരാണ്. വാത് വെപ്പുകാരുടെ കണക്കിൽ പോലും 50% ജയ സാധ്യതയാണ് രണ്ട് ടീമിനും.
ഇങ്ങനെയുള്ള സ്ഥിതിക്ക് കളി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഒരു പ്രവചനം നടത്തുന്നത് ശരിയല്ല. എന്നിരുന്നാലും ഒരു കാര്യം തറപ്പിച്ചു പറയാം, ഇന്നത്തെ കളിയുടെ ഫലം സഞ്ജുവിനെ ആശ്രയിച്ചിരിക്കും. മൂന്നാമതായി ഇറങ്ങുന്ന സഞ്ജു ബാറ്റിങ്ങിൽ കുറച്ചു കൂടി ശ്രദ്ധയൂന്നി, പെട്ടെന്ന് വിക്കറ്റ് വലിച്ചെറിയാതെ നല്ലൊരു സ്കോറിനായി ബാറ്റ് ചലിപ്പിച്ചാൽ, രാജസ്ഥാൻ ടീം സഞ്ജുവിന് ഒപ്പം നിൽക്കും. ബട്ളരോ, യശ്വസിയോ വിക്കറ്റ് കളഞ്ഞാലും സഞ്ജു കളയരുത്. അത് പോലെ ബോളിംഗിൽ മിഡിൽ ഒവേഴ്സിൽ രാജസ്ഥാൻ കാണിക്കുന്ന ദാനധർമ്മം ഒന്ന് കുറയ്ക്കുക കൂടി ചെയ്യണം. എന്നാൽ ഫൈനലിൽ കയറി ഗുജറാത്തിനോട് കണക്ക് തീർക്കാൻ സഞ്ജുവിനും രാജസ്ഥാനും അവസരം ലഭിക്കും.