ഐപിഎലില്‍ തങ്ങളുടെ തുടര്‍ച്ചയായ നാലാമത്തെ ജയവും ടൂര്‍ണ്ണമെന്റിലെ എട്ടാം ജയവും സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്. 197 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ 19 ഓവറിൽ 199/3 എന്ന സ്കോര്‍ നേടിയാണ് വിജയം ഉറപ്പാക്കിയത്. 33 പന്തിൽ 71 റൺസ് നേടിയ സഞ്ജു സാംസണും 34 പന്തിൽ 52 റൺസ് നേടി ധ്രുവ് ജുറൈലുമാണ് രാജസ്ഥാന്റെ അനായാസ വിജയം സാധ്യമാക്കിയത്.
35 പന്തിൽ നിന്ന് 60 റൺസ് നേടിയ രാജസ്ഥാന്‍ ഓപ്പണര്‍മാരുടെ കൂട്ടുകെട്ട് യഷ് താക്കൂര്‍ ആണ് തകര്‍ത്തത്. 18 പന്തിൽ 34 റൺസ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് ലക്നൗ വേര്‍പെടുത്തിയത്. രണ്ട് പന്തുകള്‍ക്ക് ശേഷം ജൈസ്വാളിനെയും രാജസ്ഥാന് നഷ്ടമായി. സ്റ്റോയിനിസിനായിരുന്നു ഈ വിക്കറ്റ്. 18 പന്തിൽ 24 റൺസായിരുന്നു ജൈസ്വാളിന്റെ സംഭാവന.
ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ അമിത് മിശ്ര റിയാന്‍ പരാഗിനെ പുറത്താക്കിയപ്പോള്‍ രാജസ്ഥാന്റെ നില പരുങ്ങലിലായി. 14 റൺസായിരുന്നു പരാഗിന്റെ സംഭാവന. പത്തോവര്‍ പിന്നിടുമ്പോള്‍ 81/3 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍.
യഷ് താക്കൂറിനെ ബൗളിംഗിലേക്ക് തിരികെ കൊണ്ടുവന്നപ്പോള്‍ ധ്രുവ് ജുറെൽ ഒരു ബൗണ്ടറിയും സഞ്ജു സാംസൺ രണ്ട് ബൗണ്ടറിയും നേടിയപ്പോള്‍ ഓവറിൽ നിന്ന് ആകെ 17 റൺസാണ് വന്നത്. ഇതോടെ രാജസ്ഥാന്റെ സ്കോര്‍ 12 ഓവറിൽ 110/3 എന്ന നിലയിലായി.
14ാം ഓവറിൽ മൊഹ്സിന്‍ ഖാനെ മൂന്ന് ബൗണ്ടറിയ്ക്കും ഒരു സിക്സിനും പായിച്ച ജുറെലിന് അതേ ഓവറിൽ ജീവന്‍ ദാനവും ലഭിച്ചു. 20 റൺസ് ആ ഓവറിൽ നിന്ന് വന്നപ്പോള്‍ രാജസ്ഥാന് അവസാന ആറോവറിൽ 62 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ബിഷ്ണോയിയെ തുടരെ രണ്ട് ബൗണ്ടറികള്‍ക്ക് സഞ്ജു പായിച്ചപ്പോള്‍ ഓവറിലെ അവസാന പന്തിൽ താരം സിക്സും നേടി. ഓവറിൽ നിന്ന് 16 റൺസ് രാജസ്ഥാന്‍ നേടിയപ്പോള്‍ അവസാന നാലോവറിൽ രാജസ്ഥാന് ജയിക്കുവാന്‍ 37 റൺസായിരുന്നു നേടേണ്ടിയിരുന്നത്.
യഷ് താക്കൂര്‍ എറിഞ്ഞ 17ാം ഓവറിൽ ജുറെൽ നേടിയ ബൗണ്ടറി അടക്കം 10 റൺസാണ് രാജസ്ഥാന്‍ നേടിയത്. ഇതോടെ ലക്ഷ്യം 18 പന്തിൽ 27 ആയി മാറി. മൊഹ്സിന്‍ ഖാന്റെ ഓവറിലെ മൂന്നാം പന്തിൽ സിക്സര്‍ പറത്തി സഞ്ജു 28 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ധ്രുവ് ജുറൈൽ 31 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടി. സിക്സ് നേടി സഞ്ജു ഓവര്‍ അവസാനിച്ചപ്പോള്‍ ഓവറിൽ നിന്ന് വന്ന 16 റൺസ് രാജസ്ഥാന്റെ ലക്ഷ്യം 12 പന്തിൽ 11 ആയി കുറച്ചു.
33 പന്തിൽ 71 റൺസ് നേടിയ സഞ്ജു യഷ് താക്കൂറിനെ ഒരു ബൗണ്ടറിയും ഒരു സിക്സും നേടി രാജസ്ഥാനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചപ്പോള്‍ ജുറൈൽ 52 റൺസിന്റെ നിര്‍ണ്ണായക സംഭാവന നൽകി. 121 റൺസാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്.