ഐ പി എല്ലിൽ ഇന്ന് ആർ സി ബിയെ തോൽപ്പിച്ച ശേഷം സംസാരിച്ച സഞ്ജു സാംസൺ വിജയത്തിൽ സന്തോഷം ഉണ്ട് എന്നും ടീം അവസരത്തിനൊത്ത് ഉയർന്നു എന്നും പറഞ്ഞു. തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷം വന്ന രാജസ്ഥാൻ ഇന്ന് മികച്ച ഫോമിലുള്ള ആർ സി ബിയെ തോൽപ്പിച്ച് ആണ് ക്വാളിഫയറിലേക്ക് കടന്നത്.

“ക്രിക്കറ്റും ജീവിതവും നമ്മെ പഠിപ്പിച്ചത്, നമുക്ക് നല്ലതും ചീത്തയുമായ ചില സമയം ഉണ്ടാകും. പക്ഷേ ഈ മോശം സമയത്തിൽ നിന്ന് തിരിച്ചുവരാനുള്ള വ്യക്തിത്വം നമുക്കുണ്ടാകണം എന്നതാണ്.” സഞ്ജു മത്സര ശേഷം പറഞ്ഞു.
“ഇന്ന് ഞങ്ങൾ ഫീൽഡ് ചെയ്യുന്ന രീതിയിലും ബാറ്റ് ചെയ്തതിലും ബൗൾ ചെയ്തതിലും എനിക്ക് ശരിക്കും സന്തോഷമുണ്ട്. ബൗളർമാർക്ക് ആണ് ക്രെഡിറ്റ്, ഒപ്പം പരിശീലകരായ സംഗക്കര ഷെയ്ൻ ബോണ്ട് എന്നിവർക്കും. അവരാണ് എപ്പോഴും എതിരാളികളെ പഠിക്കുന്നതും എതിർ ബാറ്റർമാർ എന്ത് ചെയ്യുമെന്നും ഏത് ഫീൽഡ് സജ്ജീകരിക്കണമെന്നും കണ്ടെത്തുന്നത്. അവർ ഹോട്ടൽ മുറികളിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് ഒരുപാട് സമയം ചിലവഴിക്കുന്നു.” സഞ്ജു പറഞ്ഞു.
ഇനി സഞ്ജുവും രാജസ്ഥാനും മറ്റന്നാൾ ചെന്നൈയിൽ വെച്ച് സൺ റൈസേഴ്സ് ഹൈദരബാദിനെ നേരിടും. ആ മത്സരം വിജയിച്ചാൽ ഫൈനലിൽ എത്താം.














