രാജസ്ഥാന് റോയൽസിന്റെ ഇന്നലത്തെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് സഞ്ജു സാംസൺ ആണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കറും രവിശാസ്ത്രിയും. രവി ശാസ്ത്രി നവ്ദീപ് സൈനിയ്ക്ക് 15ാം ഓവര്‍ നൽകിയത് ശരിയായില്ലെന്ന് പറഞ്ഞപ്പോള്‍ 19ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് വേണ്ടി സെറ്റ് ചെയ്ത ഫീൽഡിലാണ് ഗവാസ്കറെ ചൊടിപ്പിച്ചത്.
അവസാന ഏഴോവറിൽ 12 റൺസോളം നേടേണ്ട ഘട്ടത്തിലാണ് ദിനേശ് കാര്‍ത്തിക് ക്രീസിലെത്തുന്നത്. 14ാം ഓവറിൽ അശ്വിനെ 21 റൺസ് നേടിയ കാര്‍ത്തിക്കും ഷഹ്ബാസും ചേര്‍ന്ന് പിന്നീടങ്ങോട്ട് ഓരോ ഓവറിലും യഥേഷ്ടം റൺസ് നേടുകയായിരുന്നു.
15ാം ഓവറിൽ സൈനിയ്ക്ക് പകരം ചഹാലിനെ സാംസൺ ഉപയോഗിക്കണമായിരുന്നുവെന്നാണ് രവിശാസ്ത്രി പറയുന്നത്. ഒരോവറിൽ 21 റൺസ് വഴങ്ങി കഴിഞ്ഞാൽ അടുത്ത ഓവറിൽ തന്റെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളെ ആയിരുന്നു സഞ്ജു ഉപയോഗിക്കേണ്ടിയിരുന്നതെന്ന് ശാസ്ത്രി പറഞ്ഞു.
കാര്‍ത്തിക്കിനെ അശ്വിന് ഫ്രീഹിറ്റ് വരെ നൽകി സഹായിക്കുകയായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു. അത് കഴിഞ്ഞുള്ള ഓവറിൽ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരത്തെയാണ് സഞ്ജു ബൗളിംഗ് ഏല്പിച്ചതെന്നും ആ ഓവറിൽ 17 റൺസെന്തോ പിറന്നതോടെ തന്നെ കാര്യങ്ങള്‍ രാജസ്ഥാന് കൈവിട്ടുവെന്നും രവിശാസ്ത്രി വ്യക്തമാക്കി.
ഡീപ് സ്ക്വയര്‍ ലെഗിലോ ഡീപ് മിഡ് വിക്കറ്റിലോ ഫീൽഡര്‍ ഇല്ലാതെ സഞ്ജു പ്രസിദ്ധ് കൃഷ്ണയ്ക്ക് ഫീൽഡ് സെറ്റ് ചെയ്തതിൽ ആണ് ഗവാസ്കര്‍ ചോദ്യം ചെയ്യുന്നത്. ഈ രണ്ട് സ്ഥലങ്ങളും കാര്‍ത്തിക്കിന്റെ കരുത്തുറ്റ റൺ സ്കോറിംഗ് പ്രദേശങ്ങളായിരുന്നുവെന്നും സഞ്ജു ഈ ഫീൽഡ് പ്ലേസ്മെന്റിന് ഉത്തരം പറയേണ്ടതുണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.