മികവ് തുടര്‍ന്ന് സായി സുദര്‍ശന്‍, ഗുജറാത്തിന് 217 റൺസ്

Sports Correspondent

Saisudarshan

തന്റെ ഐപിഎലിലെ മികച്ച പ്രകടനം തുടര്‍ന്ന സായി സുദര്‍ശന്‍ 82 റൺസ് നേടിയപ്പോള്‍ രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 217 റൺസ്. സായി സുദര്‍ശനൊപ്പം ജോസ് ബട്‍ലറും ഷാരൂഖ് ഖാനും 36 റൺസ് നേടിയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേടിയത്. രാഹുല്‍ തെവാത്തിയയും മികച്ച സ്കോറിംഗ് നടത്തിയത് ഗുജറാത്തിന് തുണയായി.

ശുഭ്മന്‍ ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കുമ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ ബോര്‍ഡിൽ വെറും 14 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്ന് ജോസ് ബട്‍ലര്‍ – സായി സുദര്‍ശന്‍ കൂട്ടുകെട്ട് 80 റൺസ് കൂട്ടിചേര്‍ത്ത് ഗുജറാത്തിനെ മുന്നോട്ട് നയിച്ചു.

Rajasthanroyals

പത്താം ഓവറിന്റെ അവസാന പന്തിൽ ജോസ് ബട്‍ലറെ മതീഷ തീക്ഷണ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോള്‍ 25 പന്തിൽ 36 റൺസാണ് താരം നേടിയത്. ഗുജറാത്ത് 94/2 എന്ന നിലയിലായിരുന്നു അപ്പോള്‍.

നേരത്തെ 32 പന്തിൽ നിന്ന് സായി സുദര്‍ശന്‍ സീസണിലെ തന്റെ മൂന്നാം ഐപിഎൽ അര്‍ദ്ധ ശതകം തികച്ചിരുന്നു. മൂന്നാം വിക്കറ്റിൽ സായി സുദര്‍ശന് കൂട്ടായി എത്തിയ ഷാരൂഖ് ഖാനും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഗുജറാത്ത് മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 14ാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറും ഷാരൂഖ് ഖാന്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് 16 റൺസ് ആണ് പിറന്നത്.

തൊട്ടടുത്ത ഓവറിൽ തീക്ഷണയെ സ്റ്റെപ്പ്ഔട്ട് ചെയ്ത് സിക്സ് അടിക്കാന്‍ ശ്രമിച്ച ഷാരൂഖ് ഖാനെ മികച്ചൊരു സ്റ്റംപിംഗിലൂടെ സഞ്ജു സാംസൺ മടക്കിയപ്പോള്‍ 20 പന്തിൽ 36 റൺസാണ് ഷാരൂഖ് ഖാന്‍ നേടിയത്. 62 റൺസാണ് സായി – ഷാരൂഖ് കൂട്ടുകെട്ട് നേടിയത്.

ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിനെ സന്ദീപ് ശര്‍മ്മ സഞ്ജുവിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഗുജറാത്ത് 163/4 എന്ന നിലയിലായിരുന്നു. ജോഫ്രയുടെ ഓവറിൽ സായി സുദര്‍ശന്റെ ക്യാച്ച് ഇംപാക്ട് സബ് ആയി എത്തിയ ശുഭം ദുബേ കൈവിട്ടുവെങ്കിലും അത് രാജസ്ഥാന് വലിയ തിരിച്ചടിയായില്ല. രണ്ട് പന്തുകള്ക്ക് ശേഷം മികച്ചൊരു ക്യാച്ചിലൂടെ സഞ്ജു സായി സുദര്‍ശനെ പിടിച്ചപ്പോള്‍ തുഷാര്‍ ദേശ്പാണ്ടേയ്ക്കായിരുന്നു വിക്കറ്റ്. 53 പന്തിൽ നിന്ന് 82 റൺസാണ് സായി സുദര്‍ശന്‍ നേടിയത്.

അവസാന ഓവറുകളിൽ രാഹുല്‍ തെവാത്തിയ നേടിയ കൂറ്റനടികള്‍ ഗുജറാത്തിനെ 217 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു. താരം 12 പന്തിൽ നിന്ന് 24 റൺസാണ് നേടിയത്.