ആന്‍ഡ്രേ റസ്സല്‍ വീണ്ടും തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ അഞ്ചാം തോല്‍വിയേറ്റു വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഒരു ഘട്ടത്തില്‍ ജയം പിടിച്ചെടുക്കുവാന്‍ ബാംഗ്ലൂരിനു സാധിക്കുമെന്ന് കരുതിയ നിമിഷത്തില്‍ നിന്ന് ഒറ്റയ്ക്ക് മത്സരം മാറ്റി മറിച്ചത് ആന്‍ഡ്രേ റസ്സലായിരുന്നു. റസ്സലടിയില്‍ അഞ്ചാം തോല്‍വിയിലേക്ക് ബാംഗ്ലൂര്‍ വീഴുകയായിരുന്നു. 5 പന്ത് ശേഷിക്കെയാണ് റസ്സലിന്റെ മാരകയടിയില്‍ കൊല്‍ക്കത്ത തങ്ങളുടെ വിജയം കുറിച്ചത്. 5 വിക്കറ്റ് ജയമാണ്ഇന്ന് കൊല്‍ക്കത്ത സ്വന്തമാക്കിയത്.
വലിയ സ്കോര്‍ പിന്തുടര്‍ന്നെത്തിയ കൊല്‍ക്കത്തയ്ക്കായി സുനില്‍ നരൈനും ക്രിസ് ലിന്നും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 1.5 ഓവറില്‍ തന്നെ ടീം 28 റണ്‍സിലേക്ക് കുതിച്ചുവെങ്കിലും സുനില്‍ നരൈനെ നേരത്തെ തന്നെ നഷ്ടമായി. നവ്ദീപ് സൈനിയുടെ ഓവറില്‍ അത്ര കൃത്യതയല്ലാത്തൊരു പുള്‍ ഷോട്ട് കളിച്ച സുനില്‍ നരൈന്‍ സിക്സ് നേടുമെന്ന് കരുതിയെങ്കിലും മികച്ചൊരു ക്യാച്ചിലൂടെ പത്ത് റണ്‍സ് നേടിയ വിന്‍ഡീസ് താരത്തെ പവന്‍ നേഗി മടക്കിയയ്ച്ചു.
പിന്നീട് ബാംഗ്ലൂരില്‍ നിന്ന് മത്സരം കൊല്‍ക്കത്ത തട്ടിയെടുക്കുന്ന കാഴ്ചയാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്രിസ് ലിന്നും റോബിന്‍ ഉത്തപ്പും ചേര്‍ന്ന് അനായാസം സ്കോറിംഗ് നടത്തിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 65 റണ്‍സ് കൂടി അടുത്ത 8 ഓവറില്‍ നേടി മത്സരം ഏറെക്കുറെ സ്വന്തമാക്കിയെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ പത്താം ഓവറിലെ അഞ്ചാം പന്തില്‍ റോബിന്‍ ഉത്തപ്പയെ ബൗണ്ടറി ലൈനില്‍ ടിം സൗത്തിയുടെ കൈകളിലെത്തിച്ച് പവന്‍ നേഗി മത്സരത്തിലെ നിര്‍ണ്ണായക വഴിത്തിരിവ് കൊണ്ടുവന്നു. 33 റണ്‍സ് നേടിയാണ് റോബിന്‍ ഉത്തപ്പ മടങ്ങിയത്. പത്തോവര്‍ പിന്നിട്ടപ്പോള്‍ 94 റണ്‍സാണ് കെകെആര്‍ നേടിയത്.
പതിനൊന്നാം ഓവറില്‍ നിര്‍ണ്ണായകമായൊരു ക്യാച്ച് ബാംഗ്ലൂര്‍ കൈവിട്ടത് ടീമിനു കനത്ത തിരിച്ചടിയായി. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഓവറില്‍ ക്രിസ് ലിന്‍ നല്‍കിയ ക്യാച്ചാണ് മുഹമ്മദ് സിറാജ് കൈവിട്ടത്. 42 റണ്‍സ് നേടി നില്‍ക്കെയാണ് ലിന്നിന്റെ ക്യാച്ച് ബാംഗ്ലൂര്‍ കൈവിട്ടത്. എന്നാല്‍ സിറാജിനും ബാംഗ്ലൂരിനു ആശ്വാസമായി പവന്‍ നേഗി ക്രിസ് ലിന്നിനെ ക്ലീന്‍ ബൗള്‍ഡാക്കി.
പിന്നീട് മത്സരത്തിലേക്ക് കൊല്‍ക്കത്തയെ തിരികെ കൊണ്ടുവരാനുള്ള ശ്രമവുമായി നിതീഷ് റാണ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് 23 പന്തില്‍ നിന്ന് 37 റണ്‍സ് നേടി ചഹാലിനു വിക്കറ്റ് നല്‍കി മടങ്ങി. അതേ ഓവറില്‍ തന്നെ ചഹാല്‍ ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയെങ്കിലും റിവ്യൂവിലൂടെ കാര്‍ത്തിക് രക്ഷപ്പെടുകയായിരുന്നു.
അവസാന നാലോവറില്‍ 66 റണ്‍സായിരുന്നു കൊല്‍ക്കത്തയ്ക്ക് ജയിക്കുവാന്‍ വേണ്ടിയിരുന്നത്. നവ്ദീപ് സൈനി എറിഞ്ഞ 17ാം ഓവറില്‍ നിന്ന് ദിനേശ് കാര്‍ത്തിക്ക് ഒരു ബൗണ്ടറിയും സിക്സും നേടിയെങ്കിലും അടുത്ത പന്ത് വീണ്ടും ബൗണ്ടറി കടത്തുവാനുള്ള ശ്രമത്തിനിടെ ബൗണ്ടറിയില്‍ ചഹാല്‍ പിടിച്ച് പുറത്തായി. 15 പന്തില്‍ നിന്ന് 19 റണ്‍സാണ് കാര്‍ത്തിക്കിന്റെ സംഭാവന. മൂന്നോവറില്‍ ജയിക്കുവാന്‍ 53 റണ്‍സ് എന്നായി മാറി ഇതോടെ കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം.
മികച്ച രീതിയില്‍ 18ാം ഓവര്‍ എറിഞ്ഞ തുടങ്ങിയ സിറാജ് എറിഞ്ഞ ബീമര്‍ സിക്സര്‍ പറത്തി റസ്സല്‍ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. സിറാജ് എറിഞ്ഞ മത്സരത്തിലെ രണ്ടാമത്തെ ബീമറായതിനാല്‍ താരത്തെ ബൗളിംഗില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു. ഓവര്‍ പൂര്‍ത്തിയാക്കുവാനെത്തിയ സ്റ്റോയിനിസിന്റെ ആദ്യ രണ്ട് പന്തുകളും സിക്സര്‍ പായിച്ച് റസ്സല്‍ വീണ്ടും കൊല്‍ക്കത്ത നിരയില്‍ പ്രതീക്ഷ പടര്‍ത്തി. ഓവറില്‍ നിന്ന് 23 റണ്‍സ് വന്നപ്പോള്‍ രണ്ടോവറില്‍ കൊല്‍ക്കത്തയുടെ വിജയ ലക്ഷ്യം 30 റണ്‍സായി മാറി.
ടിം സൗത്തി എറിഞ്ഞ 19ാം ഓവറില്‍ 4 സിക്സ് അടക്കം 29 റണ്‍സാണ് റസ്സലും കൂട്ടരും അടിച്ചെടുത്തത്. 13 പന്തില്‍ നിന്നാണ് ആന്‍ഡ്രേ റസ്സല്‍ 48 റണ്‍സ് നേടിയത്. 7 സിക്സ് അടക്കമായിരുന്നു ഈ വീരോചിതമായ പ്രകടനം. ബാംഗ്ലൂരിനു വേണ്ടി പവന്‍ നേഗി രണ്ട് വിക്കറ്റ് നേടി.