ചെന്നൈയെ വീഴ്ത്തി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് രാജസ്ഥാന്‍ റോയൽസ്. ഇന്ന് 203 റൺസ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് മാത്രമേ നേടാനായുള്ളു. 32 റൺസിന്റെ ആധികാരിക വിജയം ആണ് രാജസ്ഥാന്‍ ഇന്ന് നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ടീം ഉയര്‍ന്നു.
ഡെവൺ കോൺവേയ്ക്ക് വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ സാധിക്കാതെ പോയപ്പോള്‍ താരം പവര്‍പ്ലേയുടെ അവസാന ഓവറിലെ അവസാന പന്തിൽ ആഡം സംപയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. 16 പന്തിൽ നിന്ന് എട്ട് റൺസ് മാത്രമാണ് കോൺവേ നേടിയത്. 42 റൺസായിരുന്നു ഒരു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ പവര്‍പ്ലേയിൽ നേടിയത്.
പത്താം ഓവറിൽ റുതുരാജിന്റെ വിക്കറ്റ് നേടി സംപ രാജസ്ഥാന് മേൽക്കൈ നേടിക്കൊടുത്തു. 29 പന്തിൽ 47 റൺസാണ് റുതുരാജ് നേടിയത്. പത്തോവര്‍ പിന്നിട്ടപ്പോള്‍ ചെന്നൈ 72/2 എന്ന നിലയിലായിരുന്നു. ശിവം ഡുബേ – മോയിന്‍ അലി കൂട്ടുകെട്ട് അതിവേഗം ബാറ്റ് വീശിയപ്പോള്‍ ചെന്നൈയ്ക്ക് അവസാന ആറോവറിൽ 90 റൺസായിരുന്നു നേടേണ്ടിയിരുന്നത്.
51 റൺസ് നേടിയ മോയിന്‍ അലി – ശിവം ഡുബേ കൂട്ടുകെട്ടിനെ ആഡം സംപ തകര്‍ത്തപ്പോള്‍ ചെന്നൈയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. 12 പന്തിൽ 23 റൺസായിരുന്നു മോയിന്‍ അലി നേടിയത്. ജേസൺ ഹോള്‍ഡര്‍ എറിഞ്ഞ 17ാം ഓവറിൽ ശിവം ഡുബേ ഒരു സിക്സും രണ്ട് ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്. ഇതോടെ ലക്ഷ്യം 18 പന്തിൽ 58 എന്ന നിലയിലേക്ക് മാറി.
സന്ദീപ് ശര്‍മ്മ എറിഞ്ഞ അടുത്ത ഓവറിൽ ജഡേജ നേടിയ രണ്ട് ബൗണ്ടറി അടക്കം 12 റൺസാണ് വന്നത്. സന്ദീപ് ശര്‍മ്മ വിക്കറ്റ് നേടിയില്ലെങ്കിലും 4 ഓവറിൽ 24 റൺസ് മാത്രമാണ് വിട്ട് നൽകിയത്.
ജേസൺ ഹോള്‍ഡര്‍ എറിഞ്ഞ 19ാം ഓവറിൽ വെറും 9 റൺസ് പിറന്നപ്പോള്‍ ചെന്നൈയ്ക്ക് അവസാന ഓവറിൽ ജയത്തിനായി 27 റൺസ് വേണമെന്ന് നിലയിലായി കാര്യങ്ങള്‍. കുൽദീപ് യാദവ് എറിഞ്ഞ അവസാന ഓവറിൽ 4 റൺസ് മാത്രം വന്നപ്പോള്‍ രാജസ്ഥാന്‍ 32 റൺസ് ജയം നേടി. ശിവം ഡുബേ 33 പന്തിൽ 52 റൺസുമായി ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്തായി.
രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസ് നേടി പുറത്താകാതെ നിന്നു. 46 റൺസാണ് ആറാം വിക്കറ്റിൽ ജഡേജയും ഡുവേയും കൂടി നേടിയത്.