ഐപിഎലില്‍ ഇന്ന് എലിമിനേറ്റര്‍ മത്സരത്തിൽ രാജസ്ഥാനെതിരെ 172/8 എന്ന സ്കോര്‍ നേടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഇന്ന് ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി പവര്‍പ്ലേയിൽ മികച്ച നിലയിലായിരുന്നുവെങ്കിലും പിന്നീട് വിക്കറ്റുകളുമായി രാജസ്ഥാന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. അവസാന ഓവറുകളിൽ മഹിപാൽ ലോംറോര്‍ നേടിയ റൺസാണ് ടീമിനെ 172 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്.
മികച്ച രീതിയിൽ ബെംഗളൂരു ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്യുന്നതിനിടെ തകര്‍പ്പനൊരു ക്യാച്ചിലൂടെ റോവ്മന്‍ പവൽ ഫാഫ് ഡു പ്ലെസിയെ പിടിച്ച് പുറത്താക്കുമ്പോള്‍ ട്രെന്റ് ബോള്‍ട്ട് ആദ്യ വിക്കറ്റ് ആഘോഷിച്ചു. 17 റൺസ് ഫാഫ് നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് 37 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 50 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.
ടൈം ഔട്ടിന് ശേഷം വിരാട് കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തി ആര്‍സിബിയെ ചഹാല്‍ പ്രതിരോധത്തിലാക്കിയപ്പോള്‍ 24 പന്തിൽ 33 റൺസായിരുന്നു കോഹ്‍ലിയുടെ സംഭാവന. പത്തോവര്‍ അവസാനിക്കുമ്പോള്‍ ആര്‍സിബി 76/2 എന്ന നിലയിലായിരുന്നു. ചഹാൽ എറിഞ്ഞ 10 ഓവറിൽ ഗ്രീന്‍ ഒരു സിക്സര്‍, ഫോര്‍ എന്നിവ നേടിയപ്പോള്‍ വന്ന 13 റൺസാണ് ആര്‍സിബിയുടെ റൺ റേറ്റ് മെച്ചപ്പെടുത്തിയത്.
11ാം ഓവറിൽ രജത് പടിദാര്‍ നൽകിയ ഒരു അവസരം ധ്രുവ ജുറേൽ നഷ്ടപ്പെടുത്തിയത് രാജസ്ഥാന് തിരിച്ചടിയായി. ഗ്രീനും പടിദാറും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും അശ്വിന്‍ 27 റൺസ് നേടിയ ഗ്രീനിന്റെ വിക്കറ്റ് നേടി ഈ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും അശ്വിന്‍ മടക്കിയയച്ചു. തന്റെ സ്പെൽ അവസാനിക്കുമ്പോള്‍ അശ്വിന്‍ വെറും 19 റൺസ് വിട്ട് നൽകി 2 വിക്കറ്റാണ് നേടിയത്.
25 റൺസ് രജത് പടിദാറും മഹിപാൽ ലോംറോറും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും പടിദാറിനെ അവേശ് ഖാന്‍ പുറത്താക്കി. 22 പന്തിൽ 34 റൺസാണ് രജത് പടിദാര്‍ നേടിയത്. 32 റൺസ് നേടിയ ദിനേശ് കാര്‍ത്തിക് – മഹിപാൽ ലോംറോര്‍ കൂട്ടുകെട്ടിനെ അവേശ് ഖാന്‍ തകര്‍ത്തപ്പോള്‍ ഇരു ബാറ്റ്സ്മാന്മാരുടെ വിക്കറ്റും അവേശ് ആണ് നേടിയത്. കാര്‍ത്തിക് വെറും 11 റൺസ് നേടിയപ്പോള്‍ ലോംറോര്‍ 17 പന്തിൽ 32 റൺസ് നേടി.
അവസാന ഓവറിൽ ഒരു സിക്സും ഫോറും അടക്കം 13 റൺസ് കരൺ ശര്‍മ്മ – സ്വപ്നിൽ സിംഗ് കൂട്ടുകെട്ട് നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ആര്‍സിബി നേടിയത്.