നിർണായകമായ ഐ പി എൽ മത്സരത്തിൽ ആർ സി ബി 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. മികച്ച ബൗളിംഗ് കാഴ്ചവെച്ച രാജസ്ഥാൻ അവസാനം റൺസ് വഴങ്ങിയത് തിരിച്ചടിയായി. മലയാളി താരം ആസിഫ് 2 നിർണായക വിക്കറ്റുകളുമായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
ഇന്ന് തുടക്കം മുതൽ സ്പിന്നിനെ പരീക്ഷിച്ച് റൺറേറ്റ് കൂടാതെ നോക്കാൻ സഞ്ജു സാംസണായി. സ്കോർ 50ൽ നിൽക്കുമ്പോൾ ആണ് വിക്കറ്റ് ആർ സി ബിക്ക് നഷ്ടമായത്. 19 പന്തിൽ നിന്ന് 18 റൺസ് എടുത്ത വിരാട് കോഹ്ലിയെ മലയാളി താരം ആസിഫ് തന്റെ ആദ്യ ഓവറിൽ പുറത്താക്കി.
പിന്നീട് മാക്സ്വെലും ഫാഫും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു. 44 പന്തിൽ 55 റൺസ് എടുത്ത് നിൽക്കെ ഫാഫ് ഡു പ്ലസിസിന്റെയും ആസിഫ് തന്നെ പുറത്താക്കി. ഒരു വശത്ത് മാക്സ്‌വെൽ പിടിച്ചു നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ പോയ്കൊണ്ടിരുന്നു. 1 റൺ മാത്രം എടുത്ത ലോംറോറും റൺ ഒന്നും എടുക്കാതെ കാർത്തികും ആഡം സാംബയുടെ പന്തിൽ പുറത്തായി. സാംബ 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് എടുത്തു.
മറുവശത്ത് മാക്സ്‌വെൽ 30 പന്തിൽ നിന്ന് അർധ സെഞ്ച്വറി പൂർത്തിയാക്കി. ഈ സീസണിലെ മാക്സ്വെലിന്റെ അഞ്ചാം ഫിഫ്റ്റി ആയിരുന്നു ഇത്. 33 പന്തിൽ 54 റൺസ് എടുത്ത് നിൽക്കെ സന്ദീപ് മാക്സ്‌വെലിന്റെ വിക്കറ്റ് തെറിപ്പിച്ചു. അവസാനം റാവത് 11 പന്തിൽ 29 എടുത്തത് ആർ സി ബിയുടെ ഇന്നിംഗ്സ് 20 ഓവറിൽ 171/5 എന്ന മികച്ച സ്കോറിൽ എത്തിച്ചു.