പ്ലേ ഓഫ് ഉറപ്പിച്ചുവെങ്കിലും രാജസ്ഥാന്റെ ടോപ് 2 സ്ഥാനമോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ടീമിന്റെ ബാറ്റിംഗ് പ്രകടനം. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയൽസിന് 144 റൺസ് മാത്രമാണ് നേടാനായത്. റിയാന്‍ പരാഗ് നേടിയ 48 റൺസ് മാത്രമാണ് രാജസ്ഥാനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.
ആദ്യ ഓവറിൽ തന്നെ യശസ്വി ജൈസ്വാളിനെ നഷ്ടമായ രാജസ്ഥാന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 38 റൺസ് മാത്രമാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ സഞ്ജു സാംസണെയും നഷ്ടമായ രാജസ്ഥാന്റെ നില പരുങ്ങലിലായി. 15 പന്തിൽ നിന്ന് സഞ്ജു വെറും 18 റൺസ് നേടിയപ്പോള്‍ ടോം കോഹ്‍ലര്‍-കാഡ്മോറുമായി താരം രണ്ടാം വിക്കറ്റിൽ 36 റൺസാണ് നേടിയത്. എന്നാൽ ഈ കൂട്ടുകെട്ടിന് പഞ്ചാബ് ബൗളര്‍മാര്‍ക്കുമേൽ സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല.
തൊട്ടടുത്ത ഓവറിൽ ടോം കോഹ്‍ലര്‍-കാഡ്മോറിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായത്. താരം 23 പന്തിൽ നിന്ന് വെറും 18 റൺസാണ് നേടിയത്. ഇതോടെ 40/1 എന്ന നിലയിൽ നിന്ന് 42/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ പ്രതിരോധത്തിലായി.
അശ്വിനും റിയാന്‍ പരാഗും ചേര്‍ന്ന് 50 റൺസ് നാലാം വിക്കറ്റിൽ നേടിയെങ്കിലും ഈ കൂട്ടുകെട്ടിനെ അര്‍ഷ്ദീപ് സിംഗ് തകര്‍ത്തു. 19 പന്തിൽ 28 റൺസ് നേടിയ അശ്വിനെയാണ് രാജസ്ഥാന് നഷ്ടമായത്. ധ്രുവ് ജുറേലിനെ സാം കറനും റോവ്മന്‍ പവലിനെ രാഹുല്‍ ചഹാറും പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 102/6 എന്ന നിലയിൽ പരുങ്ങലിലായി.
34 പന്തിൽ 48 റൺസ് നേടിയ റിയാന്‍ പരാഗ് അവസാന ഓവറിൽ പുറത്താകുകയായിരുന്നു. 9 വിക്കറ്റുകളാണ് രാജസ്ഥാന്‍ റോയൽസിന് നഷ്ടമായത്. പഞ്ചാബിന് വേണ്ടി സാം കറന്‍, ഹര്‍ഷൽ പട്ടേൽ, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.