ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്ന മുംബൈ ഇന്ത്യൻസ് ആദ്യ ബാറ്റു ചെയ്ത് 20 ഓവറിൽ 234 റൺസ് എടുത്തു. ഇന്ന് മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഇഷൻ കിഷനും മുംബൈ ഇന്ത്യൻസിന് നൽകിയത്. അവസാനം ടിം ഡേവിഡും റൊമാരിയോ ഷെപേർഡും കൂടെ നൽകിയ ഫിനിഷ് മുംബൈയെ കൂറ്റൻ സ്കോറിൽ എത്തിച്ചു.
രോഹിത് ആക്രമിച്ചു കളിച്ചുകൊണ്ട് 27 പന്തിൽ 49 റൺസ് ആണ് എടുത്തത്. 3 സിക്സും 6 ഫോറും രോഹിത് അടിച്ചു. രോഹിതിനെ അക്സർ പട്ടേലാണ് പുറത്താക്കിയത്. നീണ്ടകാലത്തിനു ശേഷം പരിക്കു മാറി എത്തിയ സൂര്യകുമാർ വൺ ഡൗണായി ഇറങ്ങിയെങ്കിലും രണ്ടു പന്തിൽ പൂജ്യം എടുത്ത് വന്നതുപോലെ തിരിച്ച് ഡ്രസ്സിങ് റൂമിലേക്ക് പോയി.
പിന്നീട് കിഷൻ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. ഇഷൻ 23 പന്തിൽ നിന്ന് 42 റൺസ് എടുത്തു. രണ്ട് സിക്സും നാല് ഫോറും ഇഷൻ അടിച്ചു. ആറ് റൺസ് മാത്രം നേടിയ തിലക് വർമ്മ നിരാശപ്പെടുത്തി.
ഹാർദികും ടിം ഡേവിഡും ചേർന്ന് ഒരു നല്ല കൂട്ടുകെട്ട് പടുത്ത് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചു. ടിം ഡേവിഡ് ആണ് ആക്രമിച്ചു കളിച്ചത്. ഹാർദിക് ബൗണ്ടറി കണ്ടെത്താൻ പ്രയാസപ്പെട്ടു. 33 പന്തിൽ നിന്ന് 39 റൺസ് മാത്രമാണ് ഹാർദിക് എടുത്തത്.
ടിം ഡേവിഡ് ആക്രമിച്ചു കളിച്ചതു കൊണ്ട് തന്നെ മുംബൈ 200 കടന്നു. ടിം ഡേവിഡ് 21 പന്തിൽ നിന്ന് 45 റൺസ് എടുത്തു. 4 സിക്സും 2 ഫോറും താരം അടിച്ചു. അവസാനം ഇറങ്ങിയ ടിം ഷെപേർഡ് നോർകിയയുടെ അവസാന ഓവറിൽ 32 റൺ ആണ് അടിച്ചത്. ഷെപേർഡ് 10 പന്തിൽ നിന്ന് 39 റൺസ് അടിച്ചു.