ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയം നേടി മുംബൈ ഇന്ത്യന്‍സ്. 177 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തുവാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ല. 1 വിക്കറ്റ് നഷ്ടത്തിൽ 15.4 ഓവറിൽ മുംബൈ വിജയം കുറിച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ 114 റൺസാണ് രോഹിത് – സ്കൈ കൂട്ടുകെട്ട് നേടിയത്.
റയാന്‍ റിക്കൽട്ടണും രോഹിത് ശര്‍മ്മയും മികച്ച തുടക്കം മുംബൈയ്ക്കായി നൽകിയപ്പോള്‍ പവര്‍പ്ലേയിൽ ടീം 62 റൺസാണ് നേടിയത്. പവര്‍പ്ലേ കഴിഞ്ഞ് ആദ്യ ഓവറിൽ ജഡേജ റിക്കൽട്ടണിനെ പുറത്താക്കിയപ്പോള്‍ ഒന്നാം വിക്കറ്റിൽ 63 റൺസാണ് മുംബൈ ഓപ്പണര്‍മാര്‍ നേടിയത്.
റിക്കൽട്ടണിന് പകരം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും റൺസ് വേഗത്തിൽ കണ്ടെത്തിയപ്പോള്‍ രോഹിത് മറുവശത്ത് തന്റെ സ്കോറിംഗ് മെച്ചപ്പെടുത്തുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 93/1 എന്ന നിലയിലായിരുന്നു മുംബൈ.
33 പന്തിൽ നിന്ന് രോഹിത് തന്റെ ഈ സീസണിലെ ആദ്യ ഫിഫ്റ്റി നേടി. രോഹിത് ശര്‍മ്മ 4 ഫോറും 6 സിക്സും അടക്കം 45 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സൂര്യകുമാര്‍ യാദവ് 30 പന്തിൽ 68 റൺസാണ് നേടിയത്. താരം 6 ഫോറും 5 സിക്സും തന്റെ ഇന്നിംഗ്സിൽ നേടി.