മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ആയി ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഹാർദിക് പാണ്ഡ്യക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം വിരേന്ദ്ര സെവാഗ്. രോഹിത് ശർമ്മ ക്യാപ്റ്റൻ ആയിരിക്കുമ്പോൾ അവർ അഞ്ച് മത്സരങ്ങൾ തോറ്റിട്ടുണ്ട് എന്നും ഇത് സ്വാഭാവികമാണെന്നും സെവാഗ് പറഞ്ഞു.
“രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിലും ഈ ടീം തുടർച്ചയായി അഞ്ച് മത്സരങ്ങൾ തോറ്റിരുന്നു. അവർ 0-5 ആയിരുന്നു. പിന്നെ, അവർ ചാമ്പ്യന്മാരായി. അതിനാൽ, അവർ ഹാർദിക്കിന്റെ കാര്യത്തിലും ക്ഷമയോടെ കാത്തിരിക്കും. മൂന്ന് മത്സരങ്ങൾ മാത്രമെ ആയുള്ളൂ. എന്നാൽ ഇനിയും ജയിച്ചില്ല എങ്കിൽ അത് ടീം മാനേജ്‌മെൻ്റിൻ്റെ ക്ഷമയെ പരീക്ഷിച്ചേക്കാം,” സെവാഗ് പറഞ്ഞു.
“2-3 ഫ്രാഞ്ചൈസികൾ മുമ്പ് ക്യാപ്റ്റനെ പകുതിക്ക് വെച്ച് മാറ്റിയിട്ടുണ്ട്. പഞ്ചാബ് അത് ചെയ്തു, ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകിയപ്പോൾ ചെന്നൈ അത് ചെയ്തു. എന്നാൽ ക്യാപ്റ്റൻസി മാറുന്നതിനെക്കുറിച്ച് മുംബൈ ഇന്ത്യൻസ് ഇപ്പോൾ ചിന്തിക്കുമെന്ന് ഞാൻ കരുതുന്നില്ല. മൂന്ന് മത്സരങ്ങൾ കൊണ്ട് നിങ്ങൾക്ക് ക്യാപ്റ്റനെ മാറ്റാൻ കഴിയില്ല; അത് ടീമിന് ശരിയായ സന്ദേശമായിരിക്കില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.