എംഎസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു 156 റണ്‍സ് വിജയ ലക്ഷ്യം നല്‍കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ സുരേഷ് റെയ്‍ന മുംബൈയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 15 റണ്‍സ് നേടിയ ക്വിന്റണ്‍ ഡികോക്കിനെ നേരത്തെ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും ടൂര്‍ണ്ണമെന്റില്‍ ആദ്യമായി അവസരം ലഭിച്ച എവിന്‍ ലൂയിസും ചേര്‍ന്ന് മുംബൈ മുന്നോട്ട് നയിച്ചു.
എവിന്‍ ലൂയിസിനു തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശാനായില്ലെങ്കിലും താരം 32 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ മുംബൈയ്ക്കായി രോഹിത്-ലൂയിസ് കൂട്ടുകെട്ട് 75 റണ്‍സാണ് നേടിയത്. ലൂയിസ് മടങ്ങി അടുത്ത ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെയും മുംബൈയ്ക്ക് നഷ്ടമായി. ലൂയിസിനെ സാന്റനര്‍ പുറത്താക്കിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ താഹിറിനു വിക്കറ്റ് നല്‍കി മടങ്ങി.
മധ്യ ഓവറുകളില്‍ മുംബൈയെ വട്ടം കറക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചപ്പോള്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഈ സീസണിലെ രോഹിത്തിന്റെ ആദ്യ അര്‍ദ്ധ ശതകമായിരുന്നു ഇത്. 48 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റും സാന്റനര്‍ ആണ് വീഴ്ത്തിയത്. 6 ഫോറും 3 സിക്സുമാണ് രോഹിത് നേടിയത്.
അവസാന ഓവറില്‍ നേടിയ 17 റണ്‍സിന്റെ ബലത്തിലാണ് മുംബൈ 155 റണ്‍സിലേക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ നീങ്ങിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 18 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ പൊള്ളാര്‍ഡ് നേടിയത് 13 റണ്‍സാണ്. അഞ്ചാം വിക്കറ്റില്‍ 33 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പുറത്താകാതെ നേടിയത്.
ചെന്നൈ നിരയില്‍ മിച്ചല്‍ സാന്റനറാണ് എടുത്ത് പറയേണ്ട പ്രകടനം പുറത്തെടുത്തത്. 4 ഓവറില്‍ വെറും 13 റണ്‍സ് വിട്ടാണ് താരം രണ്ട് വിക്കറ്റുകള്‍ നേടിയത്. അതില്‍ രോഹിത് ശര്‍മ്മയുടെയും എവിന്‍ ലൂയിസിന്റെയും വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു.