ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ രണ്ട് വിക്കറ്റ് വിജയം കുറിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. മികച്ച തുടക്കത്തിനു ശേഷം ഖലീല്‍ അഹമ്മദും റഷീദ് ഖാനും വിക്കറ്റുകളുമായി ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഋഷഭ് പന്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തുവാന്‍ ടീമിനെയാങ്കിലും ലക്ഷ്യത്തിനു തൊട്ടടുത്ത് പന്തും പുറത്തായതോടെ മത്സരം അവസാന പന്ത് വരെ നീളുമെന്ന് ഉറപ്പാകുകയായിരുന്നു.
ആവേശകരമായ എലിമിനേറ്റര്‍ മത്സരത്തില്‍ ബേസില്‍ തമ്പിയുടെ ഒരോവറില്‍ കളി മാറ്റി മറിച്ച് ഋഷഭ് പന്ത്. നിര്‍ണ്ണായകമായ ഘട്ടത്തില്‍ കെയിന്‍ വില്യംസണിന്റെ തീരുമാനം പിഴച്ചപ്പോള്‍ ഇന്നിംഗ്സിലെ 18ാം ഓവറില്‍ ബേസില്‍ തമ്പി എറിഞ്ഞ ഓവറില്‍ 22 റണ്‍സ് നേടിയാണ് ഋഷഭ് പന്ത് ഡല്‍ഹിയെ രണ്ടാം ക്വാളിഫയറിനു തൊട്ടടുത്തെത്തിച്ചുവെങ്കിലും താരം അഞ്ച് റണ്‍സ് അകലെ പുറത്താകുകയായിരുന്നു.
അവസാന ഓവറില്‍ അഞ്ച് റണ്‍സ് വിജയിക്കുവാനുള്ളപ്പോള്‍ അമിത മിശ്രയും കീമോ പോളും സിംഗിളുകളുമായി ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ലക്ഷ്യം രണ്ട് റണ്‍സ് അകലെ ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചതിനു അമിത് മിശ്ര പുറത്താകുകയായിരുന്നു. എന്നാല്‍ അഞ്ചാം പന്ത് ബൗണ്ടറി കടത്തി ഡല്‍ഹിയെ വിജയത്തിലേക്ക് കീമോ പോള്‍ നയിക്കുകയായിരുന്നു. പ്ലേ ഓഫില്‍ ഇതാദ്യമായിട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം കുറിയ്ക്കുന്നത്.
ഒന്നാം വിക്കറ്റില്‍ 7.3 ഓവറില്‍ 66 റണ്‍സ് നേടി കുതിയ്ക്കുകയായിരുന്നു ഡല്‍ഹിയ്ക്ക് ആദ്യ തിരിച്ചടിയായത് ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോളാണ്. ദീപക് ഹൂഡയുടെ ഓവറില്‍ വൃദ്ധിമന്‍ സാഹ സ്റ്റംപ് ചെയ്ത് പുറത്താകുമ്പോള്‍ 17 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഖലീല്‍ അഹമ്മദ് നേടിയ ഇരട്ട വിക്കറ്റുകള്‍ സണ്‍റൈസേഴ്സിനു മത്സരത്തിലേക്ക് തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു. 84/1 എന്ന നിലയില്‍ നിന്ന് 87/3 എന്ന നിലയിലേക്ക് ഡല്‍ഹി പൊടുന്നനെ വീഴുകയായിരുന്നു.
ഋഷഭ് പന്തും കോളിന്‍ മണ്‍റോയും ക്രീസിലെത്തി ഡല്‍ഹിയ്ക്ക് കൂടുതല്‍ നഷ്ടമില്ലാതെ പിന്നീട് മുന്നോട്ട് നയിക്കുകയായിരുന്നു. 42 പന്തില്‍ വിജയിക്കുവാന്‍ 64 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിയ്ക്ക് വേണ്ടി ബേസില്‍ തമ്പി എറിഞ്ഞ പതിനാലാം ഓവറില്‍ ഒരു ഫോറും സിക്സും നേടി കോളിന്‍ മണ്‍റോയും തിളങ്ങിയപ്പോള്‍ ഓവറില്‍ 12 റണ്‍സ് പിറന്നു. ഇതോടെ അവസാന ആറോവറില്‍ 52 റണ്‍സായി ലക്ഷ്യം മാറി.
എന്നാല്‍ റഷീദ് ഖാന്‍ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ കോളിന്‍ മണ്‍റോയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ 14 റണ്‍സാണ് താരം നേടിയത്. രണ്ട് പന്തുകള്‍ക്ക് ശേഷം റഷീദ് ഖാന്‍ അക്സര്‍ പട്ടേലിനെ കൂടി പുറത്താക്കിയതോടെ ഡല്‍ഹിയുടെ അഞ്ചാം വിക്കറ്റും വീണു. ഒരു റണ്‍ പോലും വിട്ട് നല്‍കാതെയാണ് റഷീദ് ഖാന്‍ ഈ രണ്ട് വിക്കറ്റുകളും നേടിയത്.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും സിക്സടിച്ച് റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തുവാന്‍ ഋഷഭ് പന്തിനു സാധിച്ചിരുന്നു. മുഹമ്മദ് നബി എറിഞ്ഞ സ്പെല്ലിന്റെ അവസാന ഓവറില്‍ ആദ്യ നാല് പന്തില്‍ നിന്ന് ഷെര്‍ഫെയ്ന്‍ റൂഥര്‍ ഫോര്‍ഡിനു കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ അവസാന രണ്ട് പന്തില്‍ ഒരു സിക്സും ഒരു ഡബിളും നേടി പന്ത് ലക്ഷ്യം 24 പന്തില്‍ നിന്ന് 42 റണ്‍സാക്കി മാറ്റി.
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 17ാം ഓവറില്‍ ആദ്യ മൂന്ന് പന്ത് നേരിട്ട റൂഥര്‍ഫോര്‍ഡിനു നേടാനായത് ഒരു റണ്‍സ് മാത്രമാണ്. ആദ്യ നാല് പന്തില്‍ വെറും 2 റണ്‍സ് മാത്രം ഭുവി വിട്ട് നല്‍കിയപ്പോള്‍ അഞ്ചാം പന്ത് സിക്സര്‍ പറത്തി റൂഥര്‍ഫോര്‍ഡ് മത്സരത്തില്‍ ഏറെ ആവശ്യമായ ബൗണ്ടറി നേടിക്കൊടുത്തു. അടുത്ത പന്തില്‍ താരത്തിനു റണ്ണെടുക്കുവാന്‍ കഴിയാതെ പോയപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 8 റണ്‍സ്.
മത്സരത്തിന്റെ ഏറെ നിര്‍ണ്ണായകമായ 18ാം ഓവര്‍ എറിഞ്ഞ ബേസില്‍ തമ്പിയെ കണക്കറ്റ് പ്രഹരിച്ച് ഋഷഭ് പന്ത് ഡല്‍ഹിയെ വിജയത്തിനു അടുത്തേക്ക് നയിക്കുകയായിരുന്നു. ഓവറിന്റെ ആദ്യ നാല് പന്തില്‍ നിന്ന് രണ്ട് സിക്സും രണ്ട് ഫോറും സഹിതം 20 റണ്‍സ് നേടിയ പന്ത് ഓവര്‍ അവസാനിച്ചപ്പോള്‍ ലക്ഷ്യം 12 പന്തില്‍ 12 റണ്‍സായി മാറി.
ഭുവി എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തില്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് പുറത്തായെങ്കിലും പന്ത് ഭുവിയ്ക്കെതിരെ സിക്സര്‍ നേടിയെങ്കിലും ലക്ഷ്യം അഞ്ച് റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ താരം പുറത്തായത് ഡല്‍ഹി ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. 21 പന്തില്‍ നിന്ന് 49 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. 5 സിക്സും 2 ഫോറും അടങ്ങിയതായിരുന്നു പന്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.
ആവേശം അലതല്ലിയ അവസാന ഓവറില്‍ കീമോ പോള്‍ നേടിയ ബൗണ്ടറിയുടെ സഹായത്തില്‍ ഡല്‍ഹി രണ്ടാം ക്വാളിഫയറിനു യോഗ്യത നേടുകയായിരുന്നു.