മിന്നും തുടക്കത്തിനു ശേഷം ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 77/2 എന്ന നിലയിലായിരുന്നു. ആ ഘട്ടത്തില്‍ മത്സരത്തില്‍ രാജസ്ഥാന് മേല്‍ക്കൈ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവിടെ നിന്ന് പൃഥ്വി ഷായോടൊപ്പം മത്സരം മാറ്റി മറിയ്ക്കുന്ന കൂട്ടുകെട്ടും വ്യക്തിഗത പ്രകടനവുമാണ് ഋഷഭ് പന്ത് പുറത്തെടുത്തത്.
മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് നേടിയ ശേഷം പന്തിനു പൃഥ്വി ഷായുടെ കൂട്ട് നഷ്ടമായെങ്കിലും 36 പന്തില്‍ നിന്ന് 78 റണ്‍സ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് ഋഷഭ് പന്ത് നയിക്കുകയായിരുന്നു. തന്നെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് തഴഞ്ഞതിനു ശേഷം സെലക്ടര്‍മാര്‍ക്ക് തന്റെ പ്രകടനത്തിലൂടെ മറുപടി കൂടി നല്‍കുകയായിരുന്നു ഋഷഭ് പന്ത്.