ഒരു റിങ്കു സിംഗ് അത്ഭുതം!! ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ചെയ്സ് ആണ് ഇന്ന് കണ്ടത്. അവസാന അഞ്ചു പന്തി അഞ്ച് സിക്സ് പറത്തി റിങ്കു സിംഗ് കെ കെ ആറിന് അത്ഭു വിജയം തന്നെ നൽകി. ഇന്ന് ഗുജറാത്തിന് എതിരെ മൂന്ന് വിക്കറ്റ് വിജയമാണ് കെ കെ ആർ നേടിയത്.
205 എന്ന വിജയലക്ഷ്യം നോക്കി ഇറങ്ങിയ കൊൽക്കത്ത ഒരു ഘട്ടത്തിൽ 15.4 ഓവറിൽ 155-3 എന്ന ശക്തമായ നിലയിൽ ആയിരുന്നു. അവിടെ നിന്ന് ഒരു റൺ എടുക്കുന്നതിനിടയിൽ നാലു വിക്കറ്റുകൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നഷ്ടമായി. ഹാട്രിക്കുമായി റഷീദ് ഖാൻ തന്നെയാണ് കൊൽക്കത്തയെ തകർത്തത്.
17ആം ഓവറിന്റെ ആദ്യ മൂന്ന് പന്തിൽ റസൽ, നരേൻ, ഷർദ്ദുൽ താക്കൂർ എന്നിവരെ റഷീദ് പുറത്താക്കി. നേരത്തെ 40 പന്തിൽ 83 റൺസ് എടുത്ത വെങ്കിടേഷ് അയ്യറുടെയും 45 റൺസ് എടുത്ത നിതീഷ് റാണയുടെയും കരുത്തിലായിരുന്നു കൊൽക്കത്ത നല്ല രീതിയിൽ ഇന്നിങ്സ് പടുത്തത്. ഇരുവരെയും അൽസാരി ജോസഫ് പുറത്താക്കിയതോടെ കളി മാറുകയായിരുന്നു. പക്ഷെ ട്വിസ്റ്റുകൾ അവസാനിച്ചില്ല.
അവസാനം റിങ്കു സിംഗ് ആഞ്ഞടിച്ചത് കളിക്ക് ആവേശകരമായ അന്ത്യം നൽകി. അവസാന ഓവറിൽ 29 റൺസ് വേണ്ട മത്സരത്തിൽ യാഷ് ദയാലിനെ റിങ്കു തുടർച്ചയായി നാലു സിക്സ് അടിച്ച് ടൈറ്റൻസിനെ ഞെട്ടിച്ചു. അവസാന പന്തിൽ 4 റൺസ് എന്ന നിലയിലായി. അതും സിക്സ് അടിച്ച് റിങ്കു കെ കെ ആറിനെ ജയിപ്പിച്ചു. 21 പന്തിൽ നിന്ന് 48 റൺസ് ആണ് റിങ്കു സിംഗ് അടിച്ചത്.
ഇന്ന് കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത് 204 റൺസ് നേടാൻ ഗുജറാത്ത് ടൈറ്റന്‍സിനായി. ശുഭ്മന്‍ ഗില്ലും വൃദ്ധിമന്‍ സാഹയും(17) ചേര്‍ന്ന് 33 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം 67 റൺസാണ് ഗിൽ – സായി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.
ശുഭ്മന്‍ ഗില്ലിനെയും(39) 38 പന്തിൽ അര്‍ദ്ധ ശതകം നേടിയ സായി സുദര്‍ശനെയും സുനിൽ നരൈന്‍ തന്നെയാണ് പുറത്താക്കിയത്. 53 റൺസാണ് സായി സുദര്‍ശന്‍ നേടിയത്. ഇതിനിടെ അഭിനവ് മനോഹറിന്റെ വിക്കറ്റ് സുയാഷ് ശര്‍മ്മ നേടി.
പിന്നീട് 24 പന്തിൽ 63 റൺസ് നേടിയ വിജയ് ശങ്കറിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഗുജറാത്തിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ശര്‍ദ്ധുൽ താക്കൂറിനെ അവസാന ഓവറിൽ മൂന്ന് സിക്സ് പറത്തിയാണ് വിജയ് ഗുജറാത്തിന്റെ സ്കോര്‍ 200 കടത്തിയത്.